‘മോഡീ, നിങ്ങള്‍ നശിപ്പിച്ചത് വിവാഹദിനം എന്ന എന്റെ സ്വപ്‌നമാണ്’ നിറകണ്ണുകളോടെ ഹിന; വീഡിയോ

ആര്‍ട്ടിക്കിള്‍ 370 ആഗസ്റ്റ് അഞ്ചിന് റദ്ദാക്കപ്പെട്ടതു മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കുള്ളിലാണ് ഇവിടുത്തെ ജനതയുടെ ജീവിതം.

ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു ശേഷം തങ്ങള്‍ ദുരിതത്തിലാണെന്നാണ് കാശ്മീരി ജനത ആവര്‍ത്തിച്ച് പറയുന്നത്. ഇപ്പോള്‍ തന്റെ വിവാഹദിനം എന്ന സ്വപ്‌നം മോഡി നശിപ്പിച്ചുവെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് കാശ്മീരി വധു ഹിന. ‘ഒരു വധുവിനെ സംബന്ധിച്ചിടത്തോളം അവളുടെ ജീവിതത്തിലെ മഹത്തായ ദിവസമാണ് വിവാഹദിനം. പക്ഷേ അത് നശിക്കപ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തില്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാത്തതാണ് ഈ നിമിഷങ്ങള്‍.’ ഹിന നിറകണ്ണുകളോടെ പറയുന്നു. ദേശീയ മാധ്യമത്തോടായിരുന്നു അവരുടെ സങ്കടം പറച്ചില്‍.

ആര്‍ട്ടിക്കിള്‍ 370 ആഗസ്റ്റ് അഞ്ചിന് റദ്ദാക്കപ്പെട്ടതുമുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കുള്ളിലാണ് ഇവിടുത്തെ ജനതയുടെ ജീവിതം. ഇത് തുറന്ന് കാണിക്കുന്നതാണ് ഹിനയുടെ വാക്കുകള്‍. വിവാഹത്തെ കുറിച്ച് നിരവധി സങ്കല്‍പ്പങ്ങളാണ് ഹിനയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ചീട്ടു കൊട്ടാരത്തിന് സമമായി എല്ലാം തകര്‍ന്ന് അടിഞ്ഞു. അതിന് കാരണം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണെന്ന് ഹിന പറയുന്നു.

ഹിനയുടെ വാക്കുകള്‍;

വിവാഹത്തെ കുറിച്ച് എനിക്ക് നിരവധി സങ്കല്പങ്ങളുണ്ടായിരുന്നു. വിവാഹത്തിന്റെ ലൈറ്റിങ്, ഡെക്കറേഷന്‍, തീം ഇതെല്ലാം ഞാന്‍ ആലോചിച്ചിരുന്നു. പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങളാണ് ഞാന്‍ ആഗ്രഹിച്ചത്. എന്റെ കസിന്‍സ് ഡ്രസ് കോഡ് പോലും തീരുമാനിച്ചിരുന്നു. പക്ഷേ അതെല്ലാം നിലച്ചു. വിവാഹ ദിനത്തില്‍ ധരിക്കാനുള്ള വിവാഹ വസ്ത്രം ലഭിക്കുമോ എന്നുപോലും എനിക്കിന്നറിയില്ല.

ഞങ്ങള്‍ ഉറക്കെ ശബ്ദിച്ചാല്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെടുമോ എന്നോര്‍ത്ത് എനിക്ക് ഭയമാണ്. ഉറക്കെ ചിരിച്ചാല്‍ ആരെങ്കിലും കേള്‍ക്കുമോ എന്ന ഭയം. പുറത്തേക്ക് ആരെങ്കിലും പോയാല്‍ തിരികെ വരും വരെ പിരിമുറുക്കമാണ്. വിവാഹത്തിന് ഒരു വധുവിന് ഉണ്ടാകേണ്ട യാതൊരു ആവേശവും എനിക്കില്ല. മറിച്ച് എനിക്ക് കരയാനാണ് തോന്നുന്നത്. മോഡിയോട് ഒരു കാര്യം പറയാനും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. മോഡി, നിങ്ങള്‍ എന്റെ വിവാഹദിനം നശിപ്പിച്ചു.

Exit mobile version