കുറ്റവിമുക്തനാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ കഫീല്‍ ഖാന് വീണ്ടും സസ്‌പെന്‍ഷന്‍; കാരണവും നിരത്തി യോഗി സര്‍ക്കാര്‍

കഫീല്‍ ഖാനെതിരെ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു

ലഖ്നൗ: ഗൊരഖ്പൂരില്‍ നടന്ന ശിശുമരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിദ്ധേയനായ ഡോക്ടര്‍ കഫീല്‍ ഖാനെ രണ്ട് വര്‍ഷത്തിനു ശേഷം കുറ്റവിമുക്തനാക്കിയതിനു പിന്നാലെ വീണ്ടും പ്രതികാര നടപടിയുമായി യോഗി സര്‍ക്കാര്‍. ക്ലീന്‍ ചീറ്റ് നല്‍കിയ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ കഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ് അധികൃതര്‍. കഫീല്‍ ഖാന് ഇത്തരത്തിലുള്ള ക്ലീന്‍ ചിറ്റൊന്നും നല്‍കിയിട്ടില്ലെന്നും കുറ്റക്കാരാനാണെന്നതിന് തെളിവുണ്ടെന്നുമാണ് സര്‍ക്കാര്‍ നിരത്തുന്ന വാദം.

കഫീല്‍ ഖാനെതിരെ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി കഫീല്‍ ഖാന് നല്‍കിയെന്നും അപൂര്‍ണമായ വസ്തുതകള്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കു നല്‍കി അദ്ദേഹം തെറ്റിദ്ധരിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ പറയുന്നു.

കഫീല്‍ ഖാനെതിരെ ചുമത്തിയ നാല് കുറ്റങ്ങളില്‍ രണ്ടെണ്ണം ശരിയാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. അതിന്മേലുള്ള തീരുമാനം ഉടനുണ്ടാവും. ഇതുകൂടാതെ അച്ചടക്കലംഘനത്തിന് അദ്ദേഹത്തിനെതിരെ മറ്റൊരു വകുപ്പുതല നടപടിയും പരിഗണനയിലുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രിയില്‍ നിയമിതനായിട്ടും മെഡിസ്പ്രിങ് ഹോസ്പിറ്റലിലെ നഴ്സിങ് ഹോമില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയെന്ന ആരോപണം കഫീല്‍ ഖാനെതിരെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡോ. കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെയാണ് എത്തിയത്. കൂടാതെ സിലിണ്ടറിന്റെ അഭാവം കുറയ്ക്കാന്‍ സ്വന്തമായി പണം മുടക്കി ഓക്‌സിജന്‍ എത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Exit mobile version