മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്-എന്‍സിപി സീറ്റ് വിഭജനത്തില്‍ തീരുമാനമായി

മഹാരാഷ്ട്രയില്‍ ആകെ 288 സീറ്റുകളാണുള്ളത്

മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്-എന്‍സിപി സീറ്റ് വിഭജനത്തില്‍ തീരുമാനമായി. കോണ്‍ഗ്രസ് 125 സീറ്റിലും എന്‍സിപി 125 സീറ്റിലും മത്സരിക്കാന്‍ തീരുമാനമായി. ബാക്കിയുള്ള 38 സീറ്റുകളില്‍ മറ്റു സഖ്യകക്ഷികളും മത്സരിക്കും.

മഹാരാഷ്ട്രയില്‍ ആകെ 288 സീറ്റുകളാണുള്ളത്. സീറ്റ് വിഭജനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വക്താവുമായ സച്ചിന്‍ സാവന്ത് പറഞ്ഞു.

അതെസമയം, ബിജെപി-ശിവസേന സഖ്യത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനം ഇതുവരെയും ആയിട്ടില്ല. 135 സീറ്റുകളെങ്കിലും വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവസേന. എന്നാല്‍ 110-115 സീറ്റുകളില്‍ കൂടുതല്‍ വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് ബിജെപി. വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Exit mobile version