ഇന്ധന വില കുതിച്ചുയരുന്നു; ഒരാഴ്ചയ്ക്കുള്ളില്‍ പെട്രോളിന് മാത്രം കൂടിയത് രണ്ട് രൂപയില്‍ അധികം

കഴിഞ്ഞ ഒരാഴ്ചക്കിടെ വന്‍ വില വര്‍ധനവാണ് ഡീസലിനും പെട്രോളിനും ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പെട്രോളിന് 2 രൂപ 13 പൈസയും, ഡീസലിന് 1 രൂപ 73 പൈസയുമാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതാണ് കാരണം.

കഴിഞ്ഞ ഒരാഴ്ചക്കിടെ വന്‍ വില വര്‍ധനവാണ് ഡീസലിനും പെട്രോളിനും ഉണ്ടായിരിക്കുന്നത്. കൊച്ചിയില്‍ സെപ്റ്റംബര്‍ 15ന് 73.93 പൈസയായിരുന്ന പെട്രോളിന്റെ ഇന്നത്തെ വില 76 രൂപ 7 പൈസയാണ്. 69 രൂപയായിരുന്ന ഡീസലിന് ഇന്ന് വില 70 രൂപ 77 പൈസയാണ്.

സൗദിയിലെ ആരാംകോ എണ്ണകമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്‌കരണ കേന്ദ്രത്തിനും നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് സൗദി എണ്ണ ഉല്പാദം കുത്തനെ വെട്ടികുറച്ചിരുന്നു. ഇതും, ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചതുമാണ് ഡീസലിനും പെട്രോളിനും വില വര്‍ധിക്കുന്നതിന് കാരണമായത്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായ സൗദി 20 ലക്ഷം ടണ്‍ അസംസ്‌കൃത എണ്ണയാണ് രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നത്.

Exit mobile version