കേരളത്തിന്റെ നിലപാട് ഞെട്ടിപ്പിക്കുന്നു; മരട് ഫ്‌ളാറ്റ് കേസില്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നിയമലംഘനം സംരക്ഷിക്കുകയാണോ കേരളം എന്നാണ് കോടതി ചോദിച്ചത്

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. നിയമ ലംഘനത്തിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണോ ചെയ്യുന്നത്, എന്താണീ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്? കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് അറിയില്ലേ? ഇവിടെയുള്ള ആളുകളെ കൃത്യമായി പുനരധിവസിപ്പിക്കുക പോലും ചെയ്തിട്ടില്ലെന്നും കേസ് പരിഗണിച്ച് കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കേസില്‍ വിശദമായ ഉത്തരവ് ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം മരട് ഫ്‌ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാനുള്ള ഒരു മനസ് സര്‍ക്കാറിന് ഇല്ലെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞത്. കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി സംസ്ഥാനത്തിന് ഒപ്പം നിന്നു. സുപ്രീംകോടതി അടക്കം കേരളത്തിനൊപ്പം നിന്നു, സഹായം നല്‍കി. എന്നിട്ടും കേരളം പഠിക്കുന്നില്ലെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ശകാരം.

കേസ് പരിഗണിച്ച ഉടന്‍ തന്നെ ചീഫ് സെക്രട്ടറി എവിടെ, വിളിക്കൂ എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി ഉഷാ ടൈറ്റസും കോടതിയില്‍ ഹാജരായിരുന്നു. എത്ര സമയം വേണം നിങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ എന്ന് കോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. നിയമലംഘനം സംരക്ഷിക്കുകയാണോ കേരളം എന്നാണ് കോടതി ചോദിച്ചത്. കേരളത്തിന്റെ ഈ നിലപാടില്‍ ഞെട്ടല്‍ തോന്നുന്നുവെന്നാണ് കോടതി പറഞ്ഞത്.

‘ഈ ഫ്‌ളാറ്റിലുള്ള 343 കുടുംബങ്ങളെ രക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതാണ് സമീപനമെങ്കില്‍ ഗുരുതരമായിരിക്കും സ്ഥിതി. ഉത്തരവ് ഇറക്കി മൂന്ന് മാസമായി കേരളം ഒന്നും ചെയ്തില്ല’ എന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞത്. കേസിന്റെ വിധി വെള്ളിയാഴ്ച പറയുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

അതേസമയം സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ചീഫ് സെക്രട്ടറി ടോം ജോസ് പ്രതികരിച്ചത്. ആദ്യം സുപ്രീം കോടതിയുടെ വിധി വരട്ടെ, എന്നിട്ട് പ്രതികരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.

Exit mobile version