ഓസോണ്‍ പാളിക്ക് ഭീഷണിയായി അപൂര്‍വ്വ വാതകപ്രവാഹം കണ്ടെത്തി; ഞെട്ടലോടെ ശാസ്ത്രലോകം

ബ്രോമിന്‍ മോണോക്‌സൈഡ് (Bro) എന്ന വിരളവാതകമാണ് ലോകത്തിലെ വലിയ ഉപ്പുമരുഭൂമിയായ റാന്‍ ഓഫ് കച്ചില്‍ ഭൂമിക്കടിയില്‍നിന്ന് പുറത്തുവരുന്നത്

കോഴിക്കോട്: ഓസോണ്‍ പാളിക്ക് ഭീഷണിയായി അപൂര്‍വ്വ വാതകപ്രവാഹം കണ്ടെത്തി. ഗുജറാത്തിലെ കച്ചിലാണ് ഓസോണ്‍ പാളിയെ തുളയ്ക്കാന്‍ കഴിവുള്ള വാതകപ്രവാഹത്തെ കണ്ടെത്തിയത്. ബ്രോമിന്‍ മോണോക്‌സൈഡ് (Bro) എന്ന വിരളവാതകമാണ് ലോകത്തിലെ വലിയ ഉപ്പുമരുഭൂമിയായ റാന്‍ ഓഫ് കച്ചില്‍ ഭൂമിക്കടിയില്‍നിന്ന് പുറത്തുവരുന്നത്.

ജര്‍മനിയിലെ മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്ട്രി, ഹൈഡല്‍ബര്‍ഗ് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയോണ്‍മെന്റല്‍ ഫിസിക്‌സ് എന്നിവയിലെ ഗവേഷകരാണ് നാലുവര്‍ഷംമുന്‍പ് പഠനംനടത്തിയത്. ഇതിനായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗോം-2 (ഗ്ലോബല്‍ ഓസോണ്‍ മോണിറ്ററിങ് എക്‌സ്‌പെരിമെന്റ്), അമേരിക്കയുടെ ഓസോണ്‍ മോണിറ്ററിങ് ഇന്‍സ്ട്രുമെന്റ് (ഒഎംഐ.) എന്നീ ഉപഗ്രഹങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനംചെയ്തു.

കഴിഞ്ഞ ഏപ്രില്‍-മേയ് മാസങ്ങളില്‍ ഉയര്‍ന്ന അളവില്‍ കച്ചില്‍ വാതകപ്രവാഹം ഉണ്ടായായതായി കണ്ടെത്തി. ഓസോണ്‍ പാളിയെ ഇത് ചെറിയ അളവില്‍ പോലും മാരകമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. ധ്രുവപ്രദേശങ്ങളിലും അഗ്നിപര്‍വത ലാവാപ്രവാഹങ്ങളിലുമാണ് സാധാരണയായി ബ്രോമിന്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കണപ്പെടുന്നത്. അതേസമയം റാന്‍ ഓഫ് കച്ചില്‍ ഈ പ്രതിഭാസത്തിന്റെ കാരണം വ്യക്തമല്ലെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ചതുപ്പുപ്രദേശങ്ങളിലെ ഭൗമ പ്രതിഭാസമായിരിക്കാമെന്ന് കരുതുന്നു.

ഈ വാതകത്തെ കുറിച്ച് കൃത്യമായി മനസിലാക്കാന്‍ പ്രദേശത്ത് നേരിട്ടെത്തി വിശദപഠനം വേണ്ടിവരുമെന്ന് ഗവേഷകര്‍ പറയുന്നു. കച്ചിലെ ബ്രോമിന്‍ ഓക്‌സൈഡ് പ്രവാഹത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ പദ്ധതി ആലോചനയിലുണ്ടെന്ന് കോഴിക്കോട് എന്‍ഐടിയിലെ ഭൗതികശാസ്ത്ര പ്രൊഫസര്‍ ഡോ എംകെ രവി വര്‍മ പറഞ്ഞു. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രശസ്ത സ്ഥാപനങ്ങളുമായി ചര്‍ച്ചനടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തരീക്ഷത്തിലെ വാതകങ്ങള്‍ സൂക്ഷ്മമായി അളക്കുന്നതിനുള്ള സ്‌പെക്ടോസ്‌കോപ് ഉപകരണങ്ങള്‍ എന്‍ഐടി ഫിസിക്‌സ് വിഭാഗം വികസിപ്പിച്ചിട്ടുണ്ട്.

Exit mobile version