ഫ്‌ളക്‌സ് പ്രിന്റ് ചെയ്ത സ്ഥാപനം പൂട്ടി സീല്‍ ചെയ്തു, ലോറി ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്; ഫ്‌ളക്‌സ് വീണ് യുവതി മരിച്ച സംഭവത്തില്‍ വിചിത്ര നടപടികളുമായി സര്‍ക്കാര്‍

ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമടക്കം കല്യാണത്തിനെത്തിയവരെ സ്വാഗതം ചെയ്യാന്‍ വെച്ച ഫ്‌ളക്‌സാണ് ശുഭശ്രീയുടെ ജീവന്‍ എടുത്തത്.

ചെന്നൈ: അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനായി സ്ഥാപിച്ച ഫ്‌ളക്‌സ് വീണ് യുവതി മരിച്ച സംഭവത്തില്‍ വിചിത്ര നടപടികള്‍ സ്വീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഫ്‌ളക്‌സ് പ്രിന്റ് ചെയ്ത സ്ഥാപനം പൂട്ടിച്ച് സീല്‍ ചെയ്യാനുള്ള നടപടിയാണ് സര്‍ക്കാര്‍ ആദ്യം കൈ കൊണ്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് കുറ്റക്കാരനായ നേതാവിനെതിരെ കേസെടുക്കാന്‍ തയ്യാറായത്.

എന്നാല്‍, ഇതിനിടെ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും വീഴ്ച വരുത്തിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമടക്കം കല്യാണത്തിനെത്തിയവരെ സ്വാഗതം ചെയ്യാന്‍ വെച്ച ഫ്‌ളക്‌സാണ് ശുഭശ്രീയുടെ ജീവന്‍ എടുത്തത്.

ഫ്‌ളക്‌സ് പ്രിന്റ് ചെയ്ത സ്ഥാപനം പൂട്ടി സീല്‍ ചെയ്യുകയാണ് സംഭവത്തില്‍ ആദ്യം എടുത്ത നടപടി. അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലുള്ള ചെന്നൈ കോര്‍പ്പറേഷനെ ഉപയോഗിച്ചാണ് സ്ഥാപനം പൂട്ടിച്ചത്. പിന്നാലെ, ശുഭശ്രീയുടെ ദേഹത്തേിലൂടെ കയറി ഇറങ്ങിയ ടാങ്കര്‍ ലോറി ഡ്രൈവറെ പിടികൂടി. ശേഷം മനഃപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് ചാര്‍ജ് ചെയ്തു. പക്ഷേ ചെന്നൈ കോര്‍പ്പറേഷന്‍ മുന്‍കൗണ്‍സിലര്‍ കൂടിയായ നേതാവിനെതിരെ കേസെടുക്കാന്‍ തുടക്കത്തില്‍ പോലീസ് തയ്യാറായില്ല. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.

Exit mobile version