ചെന്നൈയില്‍ ദേശീയപാതയിലേയ്ക്ക് രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിമരം വീണു; അപകടം ഒഴിവാക്കാന്‍ വെട്ടിച്ച സ്‌കൂട്ടര്‍ യാത്രിക ട്രക്കിനടിയിലേയ്ക്ക് തെറിച്ചു വീണു

മുഖ്യമന്ത്രി പളനിസ്വാമിയെ സ്വാഗതം ചെയ്യുന്നതിനായി അവിനാശി ഹൈവേയില്‍ എഐഎഡിഎംകെ കൊടിമരങ്ങള്‍ സ്ഥാപിച്ചിരുന്നു

കോയമ്പത്തൂര്‍: ചെന്നൈയില്‍ വീണ്ടും ജീവനുകള്‍ എടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിമരം. രാഷ്ട്രീയ പാര്‍ട്ടിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് വീണ് ഐടി ജീവനക്കാരി മരിച്ചതിനു പിന്നാലെ കോയമ്പത്തൂരില്‍ സമാനമായ മറ്റൊരു അപകടം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ദേശീയപാതയിലേക്കു വീണ രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിമരം ഒഴിവാക്കാന്‍ ശ്രമിച്ച ഇരുചക്രവാഹന യാത്രക്കാരിയായ യുവതി ട്രക്കിനടിയില്‍പ്പെടുകയായിരുന്നു. അനുരാധ രാജേശ്വരി (30) എന്ന യുവതിയാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.

മുഖ്യമന്ത്രി പളനിസ്വാമിയെ സ്വാഗതം ചെയ്യുന്നതിനായി അവിനാശി ഹൈവേയില്‍ എഐഎഡിഎംകെ കൊടിമരങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇതു വഴി സ്‌കൂട്ടറില്‍ വരികയായിരുന്ന അനുരാധ കൊടിമരങ്ങളിലൊന്ന് റോഡിലേക്കു വീഴുന്നതു കണ്ട് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതിനിടെ ട്രക്കിനിടിയിലേയ്ക്ക് വീഴുകയായിരുന്നു. ട്രക്കിന്റെ മുന്‍വശത്തെ വലത്തേ ചക്രം അനുരാധയുടെ ഇരുകാലുകളിലൂടെയും കയറിയിറങ്ങുകയാണ് ചെയ്തത്.

യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. സ്‌കൂട്ടര്‍ യാത്രികനായ മറ്റൊരാള്‍ക്കും ഇതേ ട്രക്ക് ഇടിച്ച് പരിക്കേറ്റിട്ടുണ്ട്. ട്രക്ക് ഡ്രൈവര്‍ അമിത വേഗതിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. വേഗത്തില്‍ എത്താന്‍ ഉടമ ആവശ്യപ്പെട്ടതിനാല്‍ വാഹനം വേഗത്തിലായിരുന്നുവെന്ന് ഡ്രൈവര്‍ സമ്മതിക്കുകയും ചെയ്‌തെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. കൊടിമരം വീണതല്ല അപകടത്തിന് കാരണമെന്നാണ് പോലീസ് സ്വീകരിച്ചിരിക്കുന്ന നിലപാട്.

റോഡിനോട് ചേര്‍ന്ന മണലിലാണ് കൊടിമരങ്ങള്‍ സ്ഥാപിച്ചിരുന്നത്. റോഡിലേക്കു മറിഞ്ഞ കൊടിമരം ദേശീയപാതയുടെ വലതുനിരയിലേക്ക് വീഴുമായിരുന്നില്ലെന്നും ട്രക്ക് ഡ്രൈവര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിട്ടുള്ളതെന്നും പോലീസ് പറയുന്നു. പോലീസിന്റെ ഈ നിലപാടിനെതിരെ അനുരാധയുടെ കുടുംബം രംഗത്തെത്തി. കൊടിമരം റോഡിലേക്കു വീഴുന്നതു കണ്ട പരിഭ്രാന്തിയില്‍ ദേശീയപാതയുടെ വലതു വശത്തെ മറ്റൊരു നിരയിലേക്ക് തിരിഞ്ഞപ്പോഴാണ് അനുരാധയെ ട്രക്ക് ഇടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version