ഫ്‌ളക്‌സ് വീണ് ടെക്കി മരിച്ച സംഭവം; പൊതു സ്ഥലത്ത് ഫ്‌ളക്‌സ് നിരോധനം നടക്കാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട്; രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: അണ്ണാ ഡിഎംകെ റോഡില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് വീണ് ചെന്നൈയില്‍ യുവതി മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. പൊതു സ്ഥലത്തെ ഫ്‌ളക്‌സ് നിരോധനം നടക്കാത്തതിന് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ഇതിനെതിരെ ഉത്തരവിറക്കി മടുത്തുവെന്നുമാണ് കോടതി പ്രതികരിച്ചത്.

യുവതി മരിച്ച സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹ പരസ്യം പതിച്ച ഫ്‌ളക്‌സ് ബോര്‍ഡ് വീണാണ് കഴിഞ്ഞ ദിവസം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ശുഭശ്രീ മരിച്ചത്. സ്‌കൂട്ടറില്‍ ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് പോവുന്ന വഴിയാണ് യുവതിയുടെ മേല്‍ പടുകൂറ്റന്‍ ഫ്‌ളക്‌സ് വീണത്. ഇതോടെ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ശുഭശ്രീ പിന്നാലെ വന്ന ലോറിക്കിടയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ ശുഭശ്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്വമേധയാ കേസ് എടുത്ത കോടതി പോലീസിനോടും കോര്‍പ്പറേഷന്‍ അധികൃതരോടും നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ നിയമം കര്‍ശനമായി നടപ്പാക്കേണ്ട അധികൃതര്‍ മുട്ട് മടക്കുകയാണെന്നും കോടതി വിമര്‍ശനമുന്നയിച്ചു.

Exit mobile version