വാഹന പരിശോധനയ്ക്കിടെ യുവാവിനെ ഒപ്പമുണ്ടായിരുന്ന കുഞ്ഞിന്റെ മുന്നിലിട്ട് പോലീസുകാര്‍ തല്ലിച്ചതച്ചു; ഭയത്തോടെ നോക്കി നിന്ന് കുരുന്ന്, വീഡിയോ

യുവാവിനെ തള്ളി നിലത്തിട്ട ശേഷം ഒരു പോലീസുകാരന്‍ അയാളുടെ മേല്‍ കയറി ഇരിക്കുന്നുമുണ്ട്.

ലഖ്‌നൗ: വാഹനപരിശോധനയ്ക്കിടെ യുവാവിനെ തല്ലി ചതച്ച് പോലീസ് ഉദ്യോഗസ്ഥര്‍. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നേപ്പാള്‍ അതിര്‍ത്തിക്കടുത്താണ് സംഭവം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.

പെങ്ങളുടെ ചെറിയ കുട്ടിയുമായി ബൈക്കില്‍ യാത്ര ചെയ്തിരുന്ന റിങ്കുപാണ്ഡെയെന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ബൈക്കില്‍ നിന്ന് നിലത്തിറങ്ങിയ കുട്ടി ഭയന്ന് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വണ്ടിയുടെ ബുക്കും പേപ്പറും പോലീസുകാരന് പരിശോധിക്കാന്‍ നല്‍കിയ ശേഷമാണ് തര്‍ക്കം ഉണ്ടായത്. ട്രാഫിക് നിയമം ലംഘിച്ചെന്ന് പോലീസുകാര്‍ പറഞ്ഞപ്പോള്‍ യുവാവ് അത് നിഷേധിച്ചതാണ് ആക്രമണത്തിന് കാരണം. നിഷേധിച്ചതിനു പിന്നാലെ പോലീസുകാര്‍ ഇയാളെ തല്ലാനും അസഭ്യം പറയാനും തുടങ്ങി.

താന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ, അല്ലാതെ ഉപദ്രവിക്കരുതെന്ന് യുവാവ് പോലീസുകാരനോട് പറയുന്നുമുണ്ട്. യുവാവിനെ തള്ളി നിലത്തിട്ട ശേഷം ഒരു പോലീസുകാരന്‍ അയാളുടെ മേല്‍ കയറി ഇരിക്കുന്നുമുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.

Exit mobile version