പണം പരിഹാരമാകില്ല, മനുഷ്യത്വത്തോടെ കാര്യങ്ങളെ കാണണം; ഉയര്‍ന്ന പിഴ തുക പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമത ബാനര്‍ജി

ഈനാളുകള്‍ക്കുള്ളില്‍ തന്നെ പലയിടങ്ങളില്‍ നിന്നും പലരില്‍ നിന്നുമായി പിഴ ഈടാക്കിയിട്ടുണ്ട്.

കൊല്‍ക്കത്ത: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനുള്ള തീരുമാനം പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്ന് ഉറപ്പു നല്‍കി മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ഭരണത്തില്‍ ഇരിക്കുന്ന ഗുജറാത്ത് പിഴ തുക വെട്ടിക്കുറച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മമത രംഗത്ത് വന്നത്.

‘നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ കടുത്തതാണ്. ഗതഗാത നിയമ ഭേദഗതികളെ പാര്‍ലമെന്റില്‍ തങ്ങള്‍ എതിര്‍ത്തിരുന്നു. ഭേദഗതി വരുത്തിയ നിയമം അതേപടി നടപ്പാക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. പണം ഒന്നിനും പരിഹാരമാകില്ല. മനുഷ്യത്വത്തോടെ കാര്യങ്ങളെ കാണാന്‍ കഴിയണം. വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന ‘സേഫ് ഡ്രൈവ്, സേവ് ലൈഫ്’ പദ്ധതി പശ്ചിമ ബംഗാളില്‍ നടപ്പാക്കിയിട്ടുണ്ട്’ മമത പറഞ്ഞു.

ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ ഈടാക്കിയുള്ള ഉത്തരവ് സെപ്റ്റംബര്‍ ഒന്ന് മുതലാണ് രാജ്യത്ത് നടപ്പാക്കിയത്. ഈനാളുകള്‍ക്കുള്ളില്‍ തന്നെ പലയിടങ്ങളില്‍ നിന്നും പലരില്‍ നിന്നുമായി പിഴ ഈടാക്കിയിട്ടുണ്ട്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങളാണ് ലഭിച്ചത്. പിടിക്കപ്പെട്ടാല്‍ പോക്കറ്റ് കീറുമെന്ന് മനസിലായതോടെ വാഹനവുമായി പുറത്തിറങ്ങാന്‍ ഭയക്കുന്നവരാണ് അധികവും. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് അനുകൂലമായ നിലപാട് മമത ബാനര്‍ജി കൈകൊണ്ടിരിക്കുന്നത്.

Exit mobile version