മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു; ആറു വയസുകാരന്‍ മരണപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

വണ്ടി ഇടിച്ച ഉടനെ കുഞ്ഞ് തെറിച്ച് വീഴുകയായിരുന്നു.

ന്യൂഡല്‍ഹി: ആര്‍എസ്എസ് തലവനായ മോഹന്‍ ഭാഗവതിന് അകമ്പടി പോയ വാഹനം ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ആറു വയസുകാരന്‍ മരണപ്പെട്ടു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. രാജസ്ഥാന്‍ മണ്ഡവാര്‍ സ്വദേശി സച്ചിനാണ് മരിച്ചത്. കുട്ടിയുടെ മുത്തച്ഛനാണ് അപകടത്തില്‍ പരിക്കേറ്റത്. രാജസ്ഥാനിലെ ആല്‍വാറിലാണ് ദാരുണമായ അപകടം നടന്നത്.

ബുധനാഴ്ച തിജാരയില്‍നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഭാഗവത്. പത്ത് കാറാണ് ഭാഗവതിന് അകമ്പടിക്കായി ഉണ്ടായിരുന്നത്. മുത്തച്ഛനോടൊപ്പം ഇരു ചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു ആറു വയസുകാരന്‍ സച്ചിന്‍. വണ്ടി ഇടിച്ച ഉടനെ കുഞ്ഞ് തെറിച്ച് വീഴുകയായിരുന്നു.

അപകടത്തിന് കാരണമായ വാഹനം ഇതുവരെയും പിടിച്ചെടുത്തിട്ടില്ല. ഇതില്‍ പ്രതിഷേധങ്ങളും ഉരുന്നുണ്ട്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അപകടത്തിനിടയാക്കിയ കാര്‍ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. അപകടത്തിനുശേഷം വാഹനവ്യൂഹം ബെഹ്റോറിലേക്ക് യാത്രതുടര്‍ന്നതായും പോലീസ് വ്യക്തമാക്കി. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മോഹന്‍ ഭാഗവതിന് നല്‍കുന്നത്.

Exit mobile version