മുസ്ലീങ്ങള്‍ പോലും പാകിസ്താനില്‍ സുരക്ഷിതരല്ല; ഇനിയുള്ള കാലം ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കണമെന്ന് ഇമ്രാന്‍ ഖാന്റെ മുന്‍ അനുയായി

ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ പോലും പാകിസ്താനില്‍ സുരക്ഷിതരല്ലെന്നും കൊടിയ പീഡനമാണ് അവിടെ നടക്കുന്നതെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മുന്‍ അനുയായിയും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി മുന്‍ എംഎല്‍എയായ ബല്‍ദേവ് കുമാര്‍. അതുകൊണ്ട് ഇനിയുള്ള കാലം ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നാണ് ബല്‍ദേവ് കുമാറിന്റെ അപേക്ഷ. ഇതിനുപുറമെ പാകിസ്താനിലെ ഹിന്ദുക്കളെയും സിഖുകാരെയും സംരക്ഷിക്കാനാവുന്ന പാക്കേജ് ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇവിടെ പാകിസ്താനില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ മാത്രമല്ല, മുസ്ലീങ്ങള്‍ പോലും സുരക്ഷിതരല്ല. വളരെയേറെ വിഷമങ്ങള്‍ അനുഭവിച്ചാണ് ഞങ്ങള്‍ ഇവിടെ കഴിയുന്നത് തന്നെ. എനിക്ക് അഭയം നല്‍കാന്‍ ഞാന്‍ ഇന്ത്യാ ഗവണ്‍മെന്റിനോട് അപേക്ഷിക്കുകയാണ്. ഞാനൊരിക്കലും തിരിച്ച് പോകില്ല’ എന്നാണ് ബല്‍ദേവ് കുമാര്‍ എഎന്‍ഐയോട് പറഞ്ഞത്.

ഇതിനു പുറമെ പാകിസ്താനില്‍ കഴിയുന്ന ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇന്ത്യയിലേക്ക് തിരിച്ച് വരാന്‍ സാധിക്കുന്ന ഒരു പാക്കേജ് ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിക്കണമെന്നും മോഡി സാഹിബ് ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും ഇവരെല്ലാം ഇവിടെ പീഡിപ്പിക്കപ്പെടുകയാണ് എന്നും ബല്‍ദേവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version