മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെയും ക്ഷണിച്ചു; മറുപടി നല്‍കി മോഡി, കുറിപ്പ് ഫ്രെയിം ചെയ്ത് സൂക്ഷിക്കുമെന്ന് കുടുംബം

മോഡിയുടെ തിരക്കിനിടയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെങ്കിലും മറുപടി കുറിപ്പ് തങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കിയെന്ന് കുടുംബം പറയുന്നു.

ന്യൂഡല്‍ഹി: മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ക്ഷണിച്ച് തമിഴ്‌നാട് സ്വദേശി രാജശേഖരന്‍. ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ചതിന് ഒപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെയും വിവാഹത്തിന് ക്ഷണിച്ചത്. എന്നാല്‍ ആ ക്ഷണക്കത്തിന് മറുപടി കിട്ടുമെന്ന് രാജശേഖരന്‍ കരുതിയിരുന്നില്ല. കുടുംബത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ക്ഷണക്കത്തിന് പ്രധാനമന്ത്രി മോഡി മറുപടി നല്‍കി. സെപ്തംബര്‍ 11-നാണ് വിവാഹം.

‘താങ്കളുടെ മകള്‍ ഡോ. രാജശ്രീയും ഡോ. സുദര്‍ശനും തമ്മിലുള്ള വിവാഹം നടക്കാന്‍ പോകുന്നതില്‍ ഏറെ സന്തോഷമുണ്ട്. മഹത്തായ ഈ അവസരത്തില്‍ എന്നെ ക്ഷണിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. വധൂവരന്‍മാരുടെ ഭാവിജീവിതം എല്ലാവിധ മംഗളങ്ങളും നിറഞ്ഞതാകട്ടെ’- മറുപടി കുറിപ്പില്‍ മോഡി അറിയിച്ചു. വിരമിച്ച മെഡിക്കല്‍ റിസര്‍ച്ചറും സൂപ്പര്‍വൈസറുമായ തമിഴ്‌നാട് വെള്ളൂര്‍ സ്വദേശി രാജശേഖരനാണ് മകള്‍ ഡോ. രാജശ്രീയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചത്.

അദ്ദേഹത്തിന്റെ തിരക്കിനിടയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെങ്കിലും മറുപടി കുറിപ്പ് തങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കിയെന്ന് കുടുംബം പറയുന്നു. മോഡി അയച്ച മറുപടി കുറിപ്പ് ഫ്രെയിം ചെയ്ത് വീട്ടില്‍ സൂക്ഷിക്കുമെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.

Exit mobile version