‘വേട്ടക്കാരന്‍ എപ്പോഴും അതിന്റെ ഇരയേക്കാള്‍ ശക്തനായിരിക്കും’; മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ പ്രിയാരമണി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബറിനെ വേട്ടക്കാരനോട് ഉപമിച്ച് മാധ്യമപ്രവര്‍ത്തക പ്രിയാരമണി. മാധ്യമപ്രവര്‍ത്തകയായ പ്രിയാരമണി അക്ബറിനെതിരെ മീ റ്റൂ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ എംജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ വിചാരണ നേരിടുന്നതിന് ഇടയിലാണ്
കോടതിയില്‍ നേരിട്ട അനുഭവങ്ങളെ കുറിച്ചും അക്ബറിനെ വേട്ടക്കാരനെന്നും തന്നെ ഇരയെന്നും പ്രിയാരമണി വിശേഷിപ്പിച്ചത്.

ഡല്‍ഹി ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം വിചാരണയ്ക്ക് എത്തിയപ്പോഴാണ് പ്രിയാരമണി ഇത്തരത്തില്‍ പ്രതികരിച്ചത്. ‘വേട്ടക്കാരന്‍ എപ്പോഴും അതിന്റെ ഇരയേക്കാള്‍ ശക്തനായിരിക്കും’ എന്നാണ് അവര്‍ പറഞ്ഞത്. തൊണ്ണൂറുകള്‍ മുതല്‍ മാധ്യമരംഗത്തുള്ള പ്രിയാരമണി 1993ല്‍ എംജെ അക്ബറില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിട്ടെന്നാണ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയത്.

ഏഷ്യന്‍ ഏജില്‍ ഇന്റര്‍വ്യൂവിന് പോയപ്പോഴാണ് അക്ബര്‍ മോശമായി പെരുമാറിയതെന്ന് പ്രിയാരമണി വെളിപ്പെടുത്തിയിരുന്നു. ഇന്റര്‍വ്യൂവില്‍ തന്റെ വിദ്യാഭ്യാസത്തെ കുറിച്ചോ ബിരുദത്തെ കുറിച്ചോ മുന്‍പരിചയത്തെ കുറിച്ചോ ചോദിക്കാതെ കുടുംബം, വിവാഹിതയാണോ, കാമുകനുണ്ടോ തുടങ്ങിയ കാര്യങ്ങളായിരുന്നു ചോദിച്ചതെന്നും തന്നോട് അടുത്ത് വന്ന് ഇരിക്കാനും മദ്യം വാഗ്ദാനം ചെയ്തതായും പ്രിയാരമണി വെളിപ്പെടുത്തിയിരുന്നു.

2017 ല്‍ വോഗില്‍ എഴുതിയ ലേഖനത്തില്‍ അക്ബറിന്റെ പേര് പരാമര്‍ശിക്കാതെ പ്രിയാരമണി തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. 2018 ല്‍ മീ റ്റൂ ക്യാമ്പയില്‍ ആണ് പ്രിയാരമണി അക്ബറിന്റെ പേര് വെളിപ്പെടുത്തിയത്. മറ്റ് സ്ത്രീകളും അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയതോടെ ആണ് അദ്ദേഹം മന്ത്രിസ്ഥാനം രാജി വെച്ചത്. പിന്നീട് അക്ബര്‍ പ്രിയാരമണിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുകയും ഇവരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തനിക്ക് മാനനഷ്ടം ഉണ്ടാക്കിയെന്നും ആരോപിച്ചാണ് കേസ് നല്‍കിയത്.

Exit mobile version