പുതിയ ട്രാഫിക് നിയമത്തില്‍ ‘രക്ഷയില്ലാതെ’ പോലീസും; ഗതാഗത നിയമം പാലിക്കാതെ വാഹനം ഓടിച്ച പോലീസ് ഉദ്യോഗസ്ഥന് കിട്ടിയത് 10,000 രൂപ പിഴ

ഛണ്ഡീഗഡിലെ സെക്ടര്‍ 9 നും 10 നും ഇടയിലുള്ള റോഡില്‍ വെച്ചാണ് സംഭവം.

ഛണ്ഡീഗഡ്: രാജ്യത്ത് പുതിയ ട്രാഫിക് നിയമം വന്നതോടെ ജനത്തിന് തലവേദന പിടിച്ചിരിക്കുകയാണ്. വാഹനവുമായി പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. നിസാരമായി കാണുന്ന പല കാര്യങ്ങള്‍ക്ക് ഇന്ന് വന്‍ പിഴയാണ് നല്‍കേണ്ടി വരുന്നത്. സെപ്റ്റംബര്‍ ഒന്നു മുതലാണ് വന്‍ പിഴ ചുമത്തി വന്നത്. ഇതുവരെ നിരവധി പേര്‍ക്ക് പണി കിട്ടി കഴിഞ്ഞു. ഇപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കിട്ടിയ എട്ടിന്റെ പണിയാണ് ചര്‍ച്ചയാവുന്നത്.

ഗതാഗത നിയമം പാലിക്കാതെ വാഹനം ഓടിച്ച പോലീസ് ഉദ്യോഗസ്ഥന് പിഴ ചുമത്തിയിരിക്കുകയാണ് ഛണ്ഡീഗഡ് പോലീസ്. മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് സ്‌കൂട്ടര്‍ ഓടിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് നടപടി കൈകൊണ്ടിരിക്കുന്നത്. ഛണ്ഡീഗഡിലെ സെക്ടര്‍ 9 നും 10 നും ഇടയിലുള്ള റോഡില്‍ വെച്ചാണ് സംഭവം.

ശേഷം നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധിയും കഴിഞ്ഞെന്ന് കണ്ടെത്തി. ഇതോടെ ഉദ്യോഗസ്ഥന് 10,000 രൂപ പിഴ ചുമത്തുകയായിരുന്നു. പഞ്ചാബ് പോലീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ക്കാണ് എട്ടിന്റെ പണി കിട്ടിയതെന്നാണ് ലഭിക്കുന്ന വിവരം. പട്യാല രജിസ്ട്രേഷനിലുള്ള വാഹനം ഗുര്‍മീത് സിങ് എന്നയാളുടെ പേരിലാണുള്ളത്. ഈ മാതൃകാപരമായ നടപടിയിലൂടെ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമെന്ന് തെളിയിച്ചിരിക്കുകയാണ് ഛണ്ഡീഗഡ് പോലീസ്.

Exit mobile version