‘ഇത് ചെറിയ നേട്ടമല്ല; രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നു’; ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

വലിയ നേട്ടമാണ് രാജ്യം നേടിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൗത്യം തുടരുമെന്നും അദ്ദേഹം പ്രതീക്ഷ നൽകി.

ബംഗളൂരു: ചാന്ദ്രയാൻ-2 ന്റെ അവസാനഘട്ടത്തിലെ പാളിച്ചയിൽ നിരാശയിലായി രാജ്യം. ഇതിനിടെ ചാന്ദ്രയാനുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടതിനെ തുടർന്ന് നിരാശരായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തി. ചാന്ദ്രയാൻ ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ലെന്നും രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം ശാസ്ത്രജ്ഞരോട് പറഞ്ഞു. ഐഎസ്ആർഒ കേന്ദ്രത്തിലെത്തിയ കുട്ടികളുമൊത്ത് സംവദിച്ചപ്പോഴും വലിയ നേട്ടമാണ് രാജ്യം നേടിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൗത്യം തുടരുമെന്നും അദ്ദേഹം പ്രതീക്ഷ നൽകി.

ഏറെ പ്രതീക്ഷയോടെ രാജ്യം കാത്തിരുന്നെങ്കിലും ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അകലെവെച്ച് വിക്രം ലാൻഡറിൽനിന്നുള്ള ആശയവിനിമയം നഷ്ടപ്പെട്ടെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കിയതിനെ തുടർന്ന് ശാസ്ത്രകേന്ദ്രം ശോകമൂകമായി. അഭിമാന നേട്ടത്തിന്റെ വാർത്തയ്ക്കായി പ്രതീക്ഷകളുമായി കാത്തിരുന്ന ശാസ്ത്ര സമൂഹം നിരാശയിലുമായി.

എന്നാൽ, ശാസ്ത്രജ്ഞർക്ക് ആത്മവിശ്വാസം നൽകിയാണ് പ്രധാനമന്ത്രി ബംഗളൂരുവിലെ കേന്ദ്രത്തിൽ നിന്നും മടങ്ങിയത്. ശാസ്ത്ര സംഘത്തിന് സമീപത്തെത്തിയ പ്രധാനമന്ത്രി ഇത് വലിയ നേട്ടമാണെന്നും രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി. ദൗത്യത്തിലെ തിരിച്ചടിയിൽ തളരരുത്. ചന്ദ്രന് തൊട്ടരികിൽ നമ്മളെത്തി. പ്രതീക്ഷ കൈവിടരുതെന്നും അദ്ദേഹം ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു. ദൗത്യം അവസാനിച്ചിട്ടില്ലെന്നും തുടരുമെന്നും അദ്ദേഹം വിശദമാക്കി. ഐഎസ്ആർഒ ചെയർമാൻ കെ ശിവനെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചത് വികാരനിർഭരമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. തുടർന്ന് പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങി.

നേരത്തെ, വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് കാണാനെത്തിയ വിദ്യാർത്ഥികൾ ചോദ്യങ്ങളുമായി സമീപിച്ചതോടെ ഇവരുമായി സംവദിക്കാനും പ്രധാനമന്ത്രി സമയം കണ്ടെത്തിയിരുന്നു. ചെറിയ ചെറിയ നേട്ടങ്ങളിലൂടെയാണ് വലിയ വിജയങ്ങൾ നേടുകയെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. ശേഷം കുട്ടികളോടൊത്ത് ഫോട്ടോക്ക് പോസ് ചെയ്താണ് പ്രധാനമന്ത്രി മടങ്ങിയത്. പ്രധാനമന്ത്രിക്ക് പുറമെ രാഷ്ട്രപതിയും മറ്ര് രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഐഎസ്ആർഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് രംഗത്തെത്തി.

Exit mobile version