പുതിയ മോട്ടോർ വാഹന നിയമം; ബംഗളൂരു സിറ്റിയിൽ മണിക്കൂറുകൾക്കകം ലഭിച്ചത് 30 ലക്ഷം രൂപ

പിഴ വർധിപ്പിക്കുന്നത് ആളുകൾക്കിടയിൽ അവബോധം വർധിക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും സഹായിക്കുമെന്ന് ജോയിന്റ് കമ്മീഷണർ ഓഫ് പോലീസ് (ട്രാഫിക്) ബി ആർ രവികാന്ത ഗൗഡ പ്രതികരിച്ചു.

ബംഗളൂരു: രാജ്യത്ത് മോട്ടോർ വാഹന നിയമം നിലവിൽ വന്നതോടെ ലക്ഷക്കണക്കിന് രൂപയാണ് ഓരോ സിറ്റിയുടെ പെട്ടിയിലും വീഴുന്നത്. മദ്യപിച്ചാൽ, അമിത വേഗതയിൽ പാഞ്ഞാൽ, സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ.. ഇങ്ങനെ നീളും പിഴ കിട്ടാനുള്ള സാധ്യതകൾ. ഇപ്പോൾ മണിക്കൂറുകൾക്കുള്ളിൽ ബംഗളൂരു സിറ്റിക്ക് ലഭിച്ച തുകയാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്.

30 മണിക്കൂറിനുള്ളിൽ 30.11 ലക്ഷം രൂപയാണ് പിരിച്ചു കിട്ടിയിരിക്കുന്നത്. ഭേദഗതികളോടെ പുതിയ നിയമം നിലവിൽ വന്നതുമുതൽ പോലീസും കൃത്യമായി പണിതുടങ്ങി കഴിഞ്ഞു. രാജ്യത്തിനകത്ത് ഇതുവരെ നിരവധി പേർക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ബംഗളൂരു സിറ്റിയിൽ ബുധനാഴ്ച മാത്രം 1,518 പേർ ഹെൽമെറ്റ് ധരിക്കാത്തതിനും 1,121 പിൻ സീറ്റിലിരിക്കുന്ന ഹെൽമെറ്റ് ധരിക്കാത്തവർ എന്ന കണക്കിനും പിഴയടച്ചു.

പുതിയ നിയമപ്രകാരം വാഹനം ഓടിക്കുന്നയാളും പിറകിലിരിക്കുന്നയാളും നിയമം തെറ്റിച്ചാൽ 1,000 രൂപ വീതം പിഴയടക്കണം. സീറ്റ് ബെൽറ്റ് ധരിക്കാത്ത നാലുചക്ര വാഹനമോടിക്കുന്നവരിൽ നിന്നുമായി ശേഖരിച്ചത് 1.41 ലക്ഷം രൂപയാണ്. വൺവേ നിയമം തെറ്റിച്ചവരിൽ നിന്നും ഏകദേശം 98,000 രൂപ പിഴയായി ലഭിച്ചു. പിഴ വർധിപ്പിക്കുന്നത് ആളുകൾക്കിടയിൽ അവബോധം വർധിക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും സഹായിക്കുമെന്ന് ജോയിന്റ് കമ്മീഷണർ ഓഫ് പോലീസ് (ട്രാഫിക്) ബി ആർ രവികാന്ത ഗൗഡ പ്രതികരിച്ചു.

അതേസമയം മദ്യപിച്ച് ഇരുചക്രവാഹനമോടിച്ചതിനും ഹെൽമെറ്റ് ധരിക്കാത്തതിനും ഒരാളുടെ പക്കൽ നിന്നും 17,000 രൂപ പിഴ ഈടാക്കി. ഹെൽമെറ്റ് ധരിക്കാത്തതിനാണ് ഇയാളെ ആദ്യം പിടിച്ചതെങ്കിലും തുടർന്നുള്ള പരിശോധനയിൽ മദ്യപിച്ചിട്ടുണ്ടെന്നും ലൈസൻസ് പക്കലില്ലെന്നും വ്യക്തമാവുകയായിരുന്നു. തുടർന്നാണ് പിഴയീടാക്കിയത്.

Exit mobile version