മുംബൈയില്‍ കനത്ത മഴ; റെയില്‍വേ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങി, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും അവതാളത്തില്‍

മുംബൈ: മുബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യോമ-ട്രെയിന്‍ ഗതാഗതം അവതാളത്തിലായി. പലയിടത്തും റെയില്‍വേ പാളത്തില്‍ വെള്ളം കയറിയത് കാരണം സെന്‍ട്രല്‍, വെസ്റ്റേണ്‍, ഹാര്‍ബര്‍ ലൈനുകളില്‍ ഗതാഗതം തടസപ്പെട്ടു. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഇപ്പോഴും രൂക്ഷമാണ്. റോഡുകളില്‍ ഗതാഗതകുരുക്ക് രൂക്ഷമായതോടെ മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട ദീര്‍ഘദൂര സര്‍വീസുകളുടെ സമയം പുനഃക്രമീകരിച്ചു.

അതേസമയം കനത്ത മഴ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു. മുപ്പതോളം ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. രാജ്യാന്തര സര്‍വീസുകളും വൈകി.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് കൂടുതല്‍ ഡാമുകള്‍ തുറക്കാനുള്ള സാധ്യത പരിഗണിച്ച് പൂനെയില്‍ നിന്നും മൂന്നു യൂണിറ്റ് ദുരന്ത നിവാരണ സേനയെ മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി ജില്ലകളില്‍ വിന്യസിച്ചിരിക്കുകയാണ്. മഴ ഇന്നുകൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Exit mobile version