ജനങ്ങളുടെ കീശ കീറാന്‍ താത്പര്യം ഇല്ല; പിഴ കുത്തനെ കൂട്ടാനുള്ള തീരുമാനത്തോട് ‘നോ’ പറഞ്ഞ് മൂന്ന് സംസ്ഥാനങ്ങള്‍

മധ്യപ്രദേശും രാജസ്ഥാനും പശ്ചിമബംഗാളുമാണ് ഇപ്പോള്‍ ബില്ലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ന്യൂഡല്‍ഹി: ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കാനുള്ള തീരുമാനത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് മൂന്ന് സംസ്ഥാനങ്ങള്‍. നിയമം ലംഘിച്ച് പിടിക്കപ്പെടുന്ന യാത്രികരുടെ കീശ കാലിയാകുന്ന പിഴയാണ് ചുമത്തുന്നത്. എന്നാല്‍ ജനങ്ങളുടെ കീശ കീറാന്‍ താല്‍പ്പര്യമില്ലെന്നാണ് ഈ മൂന്ന് സംസ്ഥാനങ്ങള്‍ അറിയിക്കുന്നത്.

മധ്യപ്രദേശും രാജസ്ഥാനും പശ്ചിമബംഗാളുമാണ് ഇപ്പോള്‍ ബില്ലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. വലിയ പിഴയീടാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് ഈ സംസ്ഥാനങ്ങള്‍ തീര്‍ത്തും വ്യക്തമാക്കി. പശ്ചിമ ബംഗാളും മധ്യപ്രദേശും ഭേദഗതി നടപ്പാക്കാനാകില്ലെന്ന് അറിയിച്ചപ്പോള്‍ പിഴയുടെ കാര്യത്തില്‍ പുനഃപരിശോധന ആവശ്യമാണെന്നാണ് രാജസ്ഥാന്‍ ഉയര്‍ത്തിയിരിക്കുന്ന ആവശ്യം. പിഴത്തുകയിലെ വര്‍ധനവ് ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കിയതായാണ് ഈ സംസ്ഥാനങ്ങള്‍ കാണുന്നത്.

അതേസമയം നിയമം തല്‍ക്കാലം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മധ്യപ്രദേശ് നിയമമന്ത്രി പിസി ശര്‍മ്മ വ്യക്തമാക്കി. പിഴത്തുക വളരെ വലുതാണെന്നും ഇത്തരത്തില്‍ എല്ലാവര്‍ക്കും അത് താങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഇത് ഇപ്പോള്‍ നടപ്പിലാക്കില്ലെന്ന് തുറന്നടിച്ചു.നിയമത്തിലെ ചില കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. പ്രധാനമായും ചെറിയ നിയമലംഘനങ്ങള്‍ക്ക് വലിയ പിഴ ഈടാക്കുന്നത് പോലുള്ളവ ശരിയല്ലെന്നുമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട്.

Exit mobile version