ചിദംബരത്തിന് ചെറിയ ആശ്വാസം; തിഹാർ ജയിലിലേക്ക് അയക്കേണ്ടെന്ന് സുപ്രീം കോടതി

പി ചിദംബരത്തിന്റെ ഇടക്കാലജാമ്യത്തിന് വേണ്ടിയുള്ള അപേക്ഷ പരിഗണിക്കണമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ സിബിഐ കസ്റ്റഡിയിൽ കഴിയുന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന് അൽപ്പം ആശ്വസിക്കാം. അദ്ദേഹത്തെ തിഹാർ ജയിലിലേക്ക് അയക്കേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. ജയിലിലേക്കയക്കാതെ വീട്ടുതടങ്കലിൽ പാർപ്പിക്കണമെന്ന ആവശ്യം കേട്ടശേഷമാണ് സുപ്രീംകോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ ഇളവ് നൽകിയത്. സിബിഐ ചോദ്യം ചെയ്തുവരുന്ന പി ചിദംബരത്തിന്റെ ഇടക്കാലജാമ്യത്തിന് വേണ്ടിയുള്ള അപേക്ഷ പരിഗണിക്കണമെന്നും സുപ്രീംകോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നാണ് ചിദംബരത്തിന്റെ സിബിഐ കസ്റ്റഡിയുടെ കാലാവധി തീരുന്നത്. ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിച്ചില്ലെങ്കിൽ സിബിഐ കസ്റ്റഡി മൂന്നു ദിവസം കൂടി ദീർഘിപ്പിച്ചതായി കണക്കാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജാമ്യാപേക്ഷയിൽ വിചാരണക്കോടതി ഇന്നു തന്നെ വാദം കേട്ടേക്കും. ചിദംബരം ഇപ്പോൾ സിബിഐ ആസ്ഥാനത്താണ് ഉള്ളത്. ചിദംബരത്തിന്റെ അഭിഭാഷകനായ കപിൽ സിബലാണ് തിഹാർ ജയിലിലേക്ക് അയക്കരുതെന്ന് കോടതിയിൽ ആവശ്യം ഉന്നയിച്ചത്. ജസ്റ്റിസുമാരായ ആർ ഭാനുമതി, എഎസ് ബൊപ്പണ്ണ എന്നിവരാണ് ഹർജികളിൽ വാദം കേട്ടത്.

Exit mobile version