മതിയായ രേഖകള്‍ സമര്‍പ്പിച്ചു, പക്ഷേ പട്ടികയില്‍ രണ്ട് പെണ്‍മക്കളുമില്ല; ഞാന്‍ ഇനി ജീവനൊടുക്കണോ..? ചോദ്യവുമായി കണ്ണീരോടെ ഒരമ്മ

നടപടിക്രമങ്ങള്‍ക്കായി ഒരുപാട് പണം ചെലവായെന്ന് ഇനി ജീവിച്ചിരിക്കുന്നതില്‍ കാര്യമില്ലെന്നും മീന കൂട്ടിച്ചേര്‍ത്തു.

ഡിസ്പൂര്‍: കഴിഞ്ഞ ദിവസമാണ് ആസമിലെ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്ത് വിട്ടത്. പട്ടിക പുറത്ത് വിട്ടപ്പോള്‍ 19 ലക്ഷം പേരാണ് പുറത്തായത്. പല ചോദ്യങ്ങളും ഉയര്‍ത്തി നിരവധി പേരാണ് കണ്ണീരും പരാതിയുമായി രംഗത്ത് വന്നത്. ഇപ്പോള്‍ താന്‍ ഇനി ആത്മഹത്യ ചെയ്യണമോ എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരമ്മ.

മതിയായ രേഖകളെല്ലാം സമര്‍പ്പിച്ചിട്ടും രണ്ട് പെണ്‍മക്കള്‍ക്ക് രജിസ്റ്ററില്‍ ഇടംപിടിക്കാത്തതിനെ തുടര്‍ന്നാണ് ഈ അമ്മ കണ്ണീര്‍ ഒഴുക്കുന്നത്. അന്തിമ പട്ടികയില്‍ രണ്ട് പെണ്‍മക്കളുടെയും പേരില്ലെന്ന് കണ്ടതോടെ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ് മീന ഹസാരിക (45).

”ഞാനെന്താ ബംഗ്ലാദേശി ആണോ? ഇനി ഞാന്‍ ആത്മഹത്യ ചെയ്യണോ? എന്റെ ലോകം അവസാനിച്ചു”- മീന നിറകണ്ണുകളോടെ പറയുന്നു. എല്ലാം രേഖകളും അധികൃതര്‍ക്ക് സമര്‍പ്പിച്ചെന്നും എന്തൊകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും മീന കൂട്ടിച്ചേര്‍ത്തു. തിരുത്തലുകള്‍ക്ക് സെപ്റ്റംബര്‍ ഏഴ് വരെ കാത്തിരിക്കാനാണ് അധികൃതര്‍ നല്‍കുന്ന മറുപടി. നടപടിക്രമങ്ങള്‍ക്കായി ഒരുപാട് പണം ചെലവായെന്ന് ഇനി ജീവിച്ചിരിക്കുന്നതില്‍ കാര്യമില്ലെന്നും മീന കൂട്ടിച്ചേര്‍ത്തു.

Exit mobile version