ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; 19 ലക്ഷം ജനങ്ങള്‍ പുറത്ത്

3. 11 കോടി ആളുകള്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്

ന്യൂഡല്‍ഹി: അസ്സം ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 19 ലക്ഷം പേരാണ് പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. 3. 11 കോടി ആളുകള്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപ്പീല്‍ നല്‍കാനായി 120 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇവരുടെ പരാതിയിന്മേല്‍ ആറുമാസത്തിനകം തീരുമാനമെടുക്കണം. ഇതിനായി ഇപ്പോള്‍ അസമില്‍ 100 ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ തുറന്നിട്ടുണ്ട്. സെപ്തംബര്‍ രണ്ടിന് 200 ട്രിബ്യൂണലും, സെപ്തംബര്‍ അവസാനത്തോടെ 200 ട്രിബ്യൂണലും കൂടി തുറക്കും. ആകെ 500 ട്രിബ്യൂണല്‍ തുറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

അന്തിമ പട്ടികയില്‍ നിന്ന് ഒഴിവായ 19 ലക്ഷംപേരുടെയും അപേക്ഷയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം തീരുമാനമെടുക്കും. ഈ റിപ്പോര്‍ട്ട് കൂടി സുപ്രിംകോടതിക്ക് കൈമാറും. സുപ്രിംകോടതി പട്ടിക വിലയിരുത്തിയശേഷം ദേശീയ പൗരത്വ രജിസ്ട്രാര്‍ക്ക് കൈമാറുന്നതോടെയാണ് പട്ടികയില്‍ നിന്നും പുറത്തായവര്‍ ഇന്ത്യന്‍ പൗരന്മാര്‍ അല്ലാതാകുക. ഇപ്പോല്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ 10 മാസത്തെ സാവകാശമാണ് ലഭിക്കുക.

അസമില്‍ ഇപ്പോള്‍ താമസിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റര്‍. ഒരു വര്‍ഷം മുമ്പാണ് പൗരത്വ രജിസ്റ്ററിന്റെ ആദ്യരൂപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനഃപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിട്ടിരിക്കുന്നത്.

ബംഗ്ലാദേശില്‍ നിന്നും കുടിയേറ്റക്കാര്‍ വര്‍ധിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അസമില്‍ പൗരത്വ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Exit mobile version