കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതെന്തും അതിക്രമമം; കാശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി നടി തൃഷ

കാശ്മീരിലെ വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതിലുള്ള ആശങ്കയാണ് താരം പങ്കുവെച്ചത്.

ചെന്നൈ: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു പിന്നാലെ ഒരുപാട് നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് കൊണ്ടുവന്നത്. ഫോണ്‍ ഉപയോഗം, ഇന്റര്‍നെറ്റ്, നേതാക്കന്മാര്‍ തടങ്കലിലായി, വിദ്യാലയങ്ങള്‍ അടഞ്ഞു കിടന്നു. തുടങ്ങി നിരവധി നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഈ നിയന്ത്രണങ്ങള്‍ക്കെതിരെ വന്‍ തോതില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. തങ്ങളുടെ അവകാശങ്ങള്‍ പോലും ഹനിക്കപ്പെടുന്നുവെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയും സെലിബ്രിറ്റി യുനിസെഫ് അഡ്വക്കേറ്റുമായ തൃഷ കൃഷ്ണന്‍. ജമ്മു കാശ്മീരിലെ കുട്ടികളുടെ ദുരവസ്ഥ ആകുലപ്പെടുത്തുന്നുവെന്നാണ് താരം പറയുന്നത്. കാശ്മീരിലെ വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതിലുള്ള ആശങ്കയാണ് താരം പങ്കുവെച്ചത്.

‘വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കു മേലുള്ള മറ്റൊരു അതിക്രമമാണ്. കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതെന്തും അവര്‍ക്കു നേരെയുള്ള അതിക്രമമാണ്. കുട്ടികള്‍ക്കു നല്ല വിദ്യാഭ്യാസം ലഭിച്ചാല്‍ നിരവധി കാര്യങ്ങള്‍ അവസാനിപ്പിക്കാനും ഉന്മൂലനം ചെയ്യാനുമാകും’ തൃഷ പറയുന്നു. 2017ല്‍ ആണ് തൃഷയ്ക്ക് യുനിസെഫ് പദവി ലഭിച്ചത്. ഈ ബഹുമതി ലഭിച്ച ആദ്യ ദക്ഷിണേന്ത്യന്‍ വനിതാ താരം കൂടിയാണ് തൃഷ.

Exit mobile version