ഐഎന്‍എക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി

മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഇതോടെ തിങ്കളാഴ്ചവരെ ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരും.

കസ്റ്റഡിയില്‍ തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരായ ചിദംബരം കോടതിയെ അറിയിച്ചു. ചിദംബരത്തിന്റെ നാല് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്.

ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കഴിഞ്ഞ 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടു ദിവസമായി സിബിഐ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Exit mobile version