പ്രധാനമന്ത്രി മോഡിയുടെ ജന്മദിനം ‘സേവ സപ്താഹ’മായി ആചരിക്കാൻ ബിജെപി; ഒരുങ്ങുന്നത് ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികൾക്ക്

ഭിന്നശേഷിക്കാരായ നൂറുകണക്കിന് ആളുകൾക്ക് വിദ്യാഭ്യാസ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം ഒരാഴ്ച നീളുന്ന ആഘോഷമാക്കാൻ ഒരുങ്ങി ബിജെപി പ്രവർത്തകർ. സേവ സപ്താഹം എന്ന പേരിൽ സെപ്റ്റംബറിലെ മോഡിയുടെ പിറന്നാൾ ഒരാഴ്ച നീളുന്ന ആഘോഷമാക്കാനാണ് പാർട്ടിയുടെ തീരുമാനം. സെപ്റ്റംബർ 17നാണ് പ്രധാനമന്ത്രിയുടെ ജന്മദിനം.

സെപ്റ്റംബർ 14 മുതൽ 20 വരെ നീളുന്ന പരിപാടിയിൽ രാജ്യമൊട്ടാകെ ശുചീകരണ വാരം ആചരിക്കാനും സാമൂഹ്യസേവനം നടത്താനുമൊക്കെയാണ് ബിജെപി അണികൾ പദ്ധതിയിടുന്നത്. പരിപാടി അതിഗംഭീരമാക്കാൻ ബിജെപി നേതാവ് അവിനാഷ് റായ് ഖന്നയുടെ കൺവീനറാക്കി പാർട്ടി പ്രവർത്തകർ ഒരു കേന്ദ്രകമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാലും ബിജെപി ദേശീയ സെക്രട്ടറിമാരായ സുധ യാദവും സുനിൽ ദിയോദറും ഒക്കെയാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

സേവാ സപ്താഹത്തിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ രക്തദാന ക്യാംപുകളും സംഘടിപ്പിക്കും. ആശുപത്രികൾ സന്ദർശിച്ച് നിരാലംബരായ രോഗികൾക്ക് സഹായമെത്തിക്കാനും
ആരോഗ്യ ക്യാംപുകളും നേത്രപരിശോധന ക്യാംപുകളും ഒരുക്കാനും അണികൾ തയ്യാറെടുക്കുകയാണ്.

ഭിന്നശേഷിക്കാരായ നൂറുകണക്കിന് ആളുകൾക്ക് വിദ്യാഭ്യാസ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനും ഈ സേവ സപ്താഹത്തിൽ അണികൾ ശ്രമിക്കും.

ബിജെപിയുടെ സംസ്ഥാനതല യൂണിറ്റുകളിലേക്ക് മോഡിയുടെ പ്രചോദിപ്പിക്കുന്ന ജീവിതം രേഖപ്പെടുത്തുന്ന പുസ്തങ്ങൾ എത്തിക്കും. ഈ പുസ്തകങ്ങൾ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കൾ വിവിധ പരിപാടികളിൽ വെച്ച് വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നത്. പ്രധാനമന്ത്രി മോഡിയുടെ ജീവിതവും നേട്ടങ്ങളും ഉയർത്തിക്കാണിക്കുന്ന എക്‌സിബിഷനുകളും രാജ്യത്തുടനീളം സംഘടിപ്പിക്കും. സിംഗിൾ യൂസ് പ്ലാസ്റ്റിക് ക്യാംപെയിനുകളും സജീവമാക്കി മോഡിയുടെ ജന്മദിനം മറക്കാനാകാത്ത അനുഭവമാക്കാനാണ് പാർട്ടി തീരുമാനം.

Exit mobile version