പ്രതിപക്ഷം ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യുന്നു, അത്തരം കര്‍മ്മങ്ങളാണ് ജെയ്റ്റ്‌ലിയുടെയും സുഷമ സ്വരാജിന്റെയും മരണത്തിനു പിന്നില്‍; ആരോപണവുമായി പ്രജ്ഞ സിങ്

ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ഭോപ്പാല്‍: പ്രതിപക്ഷത്തിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂര്‍. പ്രതിപക്ഷം ദുഷ്‌കര്‍മ്മങ്ങള്‍ ചെയ്യുന്നുവെന്ന ആരോപണവുമായാണ് പ്രജ്ഞ സിങ് രംഗത്ത് വന്നിരിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവരുടെ മരണങ്ങള്‍ക്ക് പിന്നില്‍ അത്തരം ദുഷ്‌കര്‍മങ്ങളാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

നമുക്ക് മോശം സമയമാണെന്നും പ്രതിപക്ഷം ചില ദുഷ്‌കര്‍മ്മങ്ങള്‍ ബിജെപിക്കെതിരെ ചെയ്യുന്നുവെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു ‘മഹാരാജ് ജി’ തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് താനത് മറന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ പലരും നമ്മെ വിട്ടുപിരിയുമ്പോള്‍ ‘മഹാരാജ് ജി’ അന്ന് പറഞ്ഞത് ശരിയായിരുന്നുവോ എന്ന് ചിന്തിക്കാന്‍ നിര്‍ബന്ധിതയാവുന്നുവെന്നും പ്രജ്ഞ സിങ് കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ സംസ്ഥാന ഓഫീസില്‍ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗറിനും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് പ്രജ്ഞ സിങ് വിവാദ പരാമര്‍ശം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.

Exit mobile version