രണ്ട് വര്‍ഷത്തെ ജയില്‍വാസം കൊണ്ട് കുറഞ്ഞത് 15 കിലോ, പണിയെടുത്ത് സമ്പാദിച്ചത് 18,000 രൂപ; ജയിലിലെ ഗുര്‍മീതിന്റെ ജീവിതം

റോത്തക്കിലെ സുനാരിയ ജയിലിലെ 8647-ാം നമ്പര്‍ തടവുകാരനായി കഴിയുകയാണ് ഗുര്‍മീത്.

ചണ്ഡീഗഡ്: കൊലപാതക കുറ്റത്തിനും മാനഭംഗത്തിനും ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഹരിയാനയിലെ ആള്‍ദൈവം ഗുര്‍മീത് രാം റഹീം. ഇപ്പോള്‍ ജയില്‍ വാസം തുടങ്ങിയിട്ട് വര്‍ഷം രണ്ട് പിന്നിട്ടു. ഈ രണ്ട് വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ ഗുര്‍മീത് കുറഞ്ഞത് 15 കിലോയെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ 18,000 രൂപ പണിയെടുത്ത് സമ്പാദിച്ചിട്ടുമുണ്ട്.

റോത്തക്കിലെ സുനാരിയ ജയിലിലെ 8647-ാം നമ്പര്‍ തടവുകാരനായി കഴിയുകയാണ് ഗുര്‍മീത്. ജയിലില്‍ എത്തുമ്പോള്‍ ഗുര്‍മീതിന് 105 കിലോ ആയിരുന്നു ഭാരം. എന്നാല്‍ ഇപ്പോള്‍ 90കിലോയായി കുറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ജയിലില്‍ കൃഷി ചെയ്യാനാണ് ഗുര്‍മീതിന് ഏറെ താല്‍പര്യം. ഗുര്‍മീത് കൃഷി ചെയ്യുന്ന തക്കാളിയും ഉരുളക്കിഴങ്ങും ജയില്‍ അടുക്കളയിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്.

ഹരിയാനയിലെ ബാബ എന്ന പേരില്‍ പ്രസിദ്ധനായിരുന്നു ഗുര്‍മീത്. ആഗസ്റ്റ് 25, 2017ലാണ് അദ്ദേഹം അറസ്റ്റിലായത്. 50-ാമത്തെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ച് 10 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അറസ്റ്റ്. സിബിഐ കോടതിയാണ് ഗുര്‍മീത്തിന്റെ ശിക്ഷ വിധിച്ചത്. ജയിലിലാണെങ്കിലും വൃത്തിയുള്ള വസ്ത്രധാരണരീതി തന്നെയാണ് ഗുര്‍മീത് പിന്തുടരുന്നത്. സന്ദര്‍ശിക്കാനെത്തുന്ന ബന്ധുക്കളുടെ കൈയ്യിലാണ് അലക്കാനുള്ള തുണി ഏല്‍പ്പിക്കുന്നത്. ആദ്യകാലത്ത് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചുവെങ്കിലും ഇപ്പോള്‍ ജയിലിലെ രീതികളുമായി ഇണങ്ങി ചേര്‍ന്നുവെന്ന് അധികൃതര്‍ പറയുന്നു.

Exit mobile version