നല്ലത് ചെയ്താല്‍ നല്ലത് പറയും; തന്നെ ആരും പഠിപ്പിക്കേണ്ട; മോഡിയെ പ്രശംസിച്ച നിലപാടില്‍ ഉറച്ച് ശശി തരൂര്‍

താന്‍ ബിജെപിയെ അനുകൂലിക്കുന്ന ആളല്ല. തന്നെപ്പോലെ മോഡിയെയും ബിജെപിയെയും എതിര്‍ത്ത മറ്റൊരാളുണ്ടാവില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: പ്രധാനമന്ത്രി മോഡിയെ പ്രശംസിച്ച നിലപാടില്‍ ഉറച്ച് ശശി തരൂര്‍ എംപി. മോഡി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ല. നല്ലത് ചെയ്താല്‍ നല്ലത് പറയും. തന്നെ ആരും പഠിപ്പിക്കേണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

താന്‍ ബിജെപിയെ അനുകൂലിക്കുന്ന ആളല്ല. തന്നെപ്പോലെ മോഡിയെയും ബിജെപിയെയും എതിര്‍ത്ത മറ്റൊരാളുണ്ടാവില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. മോഡി എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് അംഗീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ ഇടയില്‍ വിശ്വാസ്യത കുറയും. ആവശ്യം വരുമ്പോള്‍ മോഡിയെ കഠിനമായി വിമര്‍ശിക്കണം. മോഡിയെ ശക്തമായി വിമര്‍ശിച്ച് പുസ്തകം എഴുതിയ ആളാണ് താനെന്നും ശശി തരൂര്‍ വ്യക്തമാക്കി.

ബിജെപിയെ എതിര്‍ത്തതിന് രണ്ട് കേസുകളാണ് തനിക്കെതിരെ ഉള്ളത്. ബിജെപിക്കെതിരായ എതിര്‍പ്പ് തുടരുമെന്നും ശശി തരൂര്‍ പറഞ്ഞു. ചെന്നിത്തലയ്ക്ക് തെറ്റിദ്ധാരണയുണ്ടെങ്കില്‍ ഫോണില്‍ വിളിച്ചെങ്കിലും ചോദിക്കാമായിരുന്നു. ഇക്കാര്യത്തില്‍ താനാരോടും വിവാദത്തിനില്ല. മനു അഭിഷേക് സിംഗ്‌വിയും ജയറാം രമേശും താനുമടക്കം പറയുന്നത് പാര്‍ട്ടിയെ രക്ഷിക്കാനാണ്. നല്ലതിനെ അംഗീകരിക്കണമെന്നതില്‍ ഉറച്ചു നില്‍ക്കുന്നെന്നും തരൂര്‍ പറഞ്ഞു. മോഡി പ്രശംസയെ വിമര്‍ശിച്ച രമേശ് ചെന്നിത്തലക്ക് മറുപടി പറയുകയായിരുന്നു തരൂര്‍.

Exit mobile version