പാരീസ്: ജി-7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഇന്ത്യയും ഫ്രാൻസും അങ്ങേയറ്റം സൗഹാർദ്ദപരമായ ബന്ധം പുലർത്തുകയാണെന്നും ഇരു രാജ്യങ്ങളുടെയും ഇഷ്ടങ്ങൾ പോലും അത് തെളിയിക്കുന്നതാണെന്നും മോഡി ഫ്രാൻസിൽ പറഞ്ഞു. ഇരുരാജ്യങ്ങളും ഫുട്ബോളിനെ സ്നേഹിക്കുന്നു. വർഷങ്ങളായി ഉഭയകക്ഷിപരമായും ബഹുമുഖമായും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു.
താൻ എല്ലാ രാഷ്ട്രീയക്കാരെപ്പോലെയല്ലെന്നും പറഞ്ഞ വാക്ക് പാലിക്കുന്ന ആളാണെന്നും പ്രസംഗത്തിനിടെ മോഡി പറഞ്ഞു. പല രാഷ്ട്രീയക്കാർക്കും അവർ നൽകുന്ന വാഗ്ദാനങ്ങൾ ഓർമ്മ കാണില്ല. എന്നാൽ താൻ മറ്റ് രാഷ്ട്രീയക്കാരെപ്പോലെയല്ല എന്നും മോഡി ഇന്ത്യൻ സമൂഹത്തിനു മുന്നിൽ പ്രസ്താവിച്ചു.
‘ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ അത് ഇന്ത്യക്കാർ ആഘോഷിച്ചു. ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നമ്മൾ ഇൻഫ്രയെക്കുറിച്ച് സംസാരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് IN + FRA ആണ്, അതായത് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഖ്യം ഏതാനും വർഷങ്ങൾക്കുള്ളിൽ പാരിസ് ജനത ഗണപതിപപ്പ മോറിയ എന്ന് ഏറ്റുവിളിക്കും. ടീം സ്പിരിറ്റോടു കൂടിയാണ് ഇന്ത്യയിൽ നമ്മൾ പ്രവർത്തിക്കുന്നത്. നേട്ടങ്ങൾ സ്വന്തമാക്കുന്നതും അതേ ടീം സ്പിരിറ്റോടെയാണ്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതി ഇന്ത്യയിലാണ്. 2025 ഓടെ ഇന്ത്യ ടിബി മുക്തമാകും. അടുത്ത ഒന്നര വർഷത്തിനുള്ളിൽ ഇന്ത്യ കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങൾ കൈവരിക്കും. സ്റ്റാർട് അപ്പുകളുടെ കാര്യത്തിൽ ഇന്ത്യ മുൻപന്തിയിലാണ്.’ മോഡി പറഞ്ഞു.
പൂർത്തീകരിക്കാൻ കഴിയില്ലെന്ന് കരുതിയിരുന്ന ലക്ഷ്യങ്ങളാണ് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഞങ്ങൾ നേടിയെടുത്തത്. ഇന്ത്യയിൽ പാരമ്പര്യ രാഷ്ട്രീയം അവസാനിച്ചിരിക്കുന്നു. പുതിയ ഇന്ത്യയിൽ അഴിമതിക്കാർ അർഹിക്കുന്ന സ്ഥലത്തെത്തുമെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യ പോരാട്ടം നടത്തുകയാണെന്നും മോഡി പറഞ്ഞു.
ഫ്രാൻസിലെത്തിയ മോഡി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഒരു മണിക്കൂറോളം നീണ്ട മാരത്തൺ കൂടിക്കാഴ്ചയും നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധത്തെ കുറിച്ചായിരുന്നു ചർച്ച.