അന്ന് മുഖ്യാതിഥി, ഇന്ന് കുറ്റാരോപിതന്‍; താന്‍ ഉദ്ഘാടനം ചെയ്ത ലോക്കപ്പില്‍ കിടക്കേണ്ടി വന്ന് പി ചിദംബരം

2011 ല്‍ കോണ്‍ഗ്രസ് മന്ത്രിസഭയുടെ കാലത്ത് ലോക്ക്-അപ്പ് സ്യൂട്ട് 3 ഉദ്ഘാടനം ചെയ്തത് ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരമായിരുന്നു

ന്യൂഡല്‍ഹി: ഐഎന്‍എസ് മീഡിയ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം തടവില്‍ കഴിയുന്നത് ആഭ്യന്തരമന്ത്രിയായിരിക്കെ അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്ത സെല്ലില്‍. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തെ ലോക്ക്-അപ്പില്‍ മൂന്നാം നമ്പര്‍ മുറിയിലാണ് ചിദംബരത്തെ കഴിഞ്ഞ ഒരു രാത്രി മുഴുവന്‍ താമസിപ്പിച്ചത്.

2011 ല്‍ കോണ്‍ഗ്രസ് മന്ത്രിസഭയുടെ കാലത്ത് ലോക്ക്-അപ്പ് സ്യൂട്ട് 3 ഉദ്ഘാടനം ചെയ്തത്
ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരമായിരുന്നു. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. മന്‍മോഹന്‍ സിംങായിരുന്നു അന്നത്തെ പ്രധാനമന്ത്രി.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തെ ബുധനാഴ്ച രാത്രിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. നാടകീയ രംഗങ്ങള്‍ക്ക് ശേഷമാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ ജാമ്യം ലഭിക്കാതെ വന്നതോടെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് നടപടികള്‍ ഊര്‍ജിതമാക്കിയിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ നിരവധി തവണ ചിദംബരത്തിന്റെ വസതിയിലെത്തിയ സിബിഐ സംഘം അദ്ദേഹത്തിനെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സിബിഐ ഉദ്യോഗസ്ഥര്‍ തെരയുന്നതിനിടെ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെത്തിയ ചിദംബരം അവിടെ പത്രസമ്മേളനം നടത്തി. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും തനിക്കെതിരേ ഒരു കോടതിയിലും കുറ്റപത്രമില്ലെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്നു ചിദംബരം അദ്ദേഹത്തിന്റെ വസതിയിലെത്തി. സംഭവ മറിഞ്ഞ സിബിഐ സംഘം ഡല്‍ഹി ജോര്‍ബാഗിലുള്ള ചിദംബരത്തിന്റെ വസതിയുടെ മതില്‍ചാടിക്കടന്ന് അകത്തെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version