വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ താനും റാഗ് ചെയ്യപ്പെട്ടിട്ടുണ്ട്; അന്ന് താന്‍ അനുഭവിച്ചതിന്റെ പത്ത് ശതമാനം പോലും ഇപ്പോള്‍ റാഗ് ചെയ്യപ്പെട്ട കുട്ടികള്‍ അനുഭവിച്ചിട്ടില്ല; വൈസ് ചാന്‍സലറുടെ പ്രതികരണം വിവാദത്തില്‍

ഉത്തര്‍പ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സിലെ 150 വിദ്യാര്‍ത്ഥികളാണ് റാഗിങ്ങിന് ഇരയായത്

ലഖ്‌നൗ: മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ റാഗിങിന് ഇരയാക്കി മൊട്ടയടിച്ച സംഭവത്തില്‍ വൈസ് ചാന്‍സലറുടെ പ്രതികരണം പുതിയ വിവാദങ്ങള്‍ക്ക് കാരണമായി. താന്‍ അനുഭവിച്ചതിന്റെ പത്ത് ശതമാനം പോലും ഇപ്പോള്‍ റാഗ് ചെയ്യപ്പെട്ട കുട്ടികള്‍ അനുഭവിച്ചിട്ടില്ല എന്നായിരുന്നു സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ രാജ് കുമാറിന്റെ പ്രതികരണം.

ചൊവ്വാഴ്ചയാണ് റാഗിങ് നടന്നത്. ഉത്തര്‍പ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സിലെ 150 വിദ്യാര്‍ത്ഥികളാണ് റാഗിങ്ങിന് ഇരയായത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ 150 ജൂനിയര്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ച് റോഡിലൂടെ നടത്തിയതായാണ് ആരോപണം. ഇതിന് പിന്നാലെയാണ് വിവാദ പ്രതികരണവുമായി വൈസ് ചാന്‍സലര്‍ രംഗത്തെത്തിയത്.

എണ്‍പതുകളില്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് താനും റാഗ് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് താന്‍ അനുഭവിച്ചതിന്റെ പത്ത് ശതമാനം പോലും ഇപ്പോള്‍ റാഗ് ചെയ്യപ്പെട്ട കുട്ടികള്‍ അനുഭവിച്ചിട്ടില്ല. ആസമയത്ത് സീനിയേഴ്‌സിനെ ഭയന്ന് പലപ്പോഴും മതിലു ചാടേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഇതേ സീനിയേഴ്‌സ് തന്നെ ചായയും സമൂസയും വാങ്ങിത്തന്നിട്ടുണ്ടെന്നായിരുന്നു രാജ് കുമാറിന്റെ പ്രതികരണം.

മൂന്ന് വീഡിയോകളാണ് റാഗിങ്ങിന്റേതായി പുറത്തുവന്നത്. വെള്ള വസ്ത്രം ധരിച്ച് തല മൊട്ടയടിച്ച വിദ്യാര്‍ത്ഥികള്‍ വരിയായി നടന്നുപോകുന്നതാണ് ഒന്നാമത്തെ വീഡിയോയില്‍ ഉള്ളത്. ജോഗിങിനു പോകുമ്പോള്‍ ഒരു സംഘം സീനിയേഴ്‌സിനെ വിദ്യാര്‍ത്ഥികള്‍ സല്യൂട്ട് ചെയ്യുന്നത് രണ്ടാമത്തെ വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥികളുടെ അടുത്തേക്ക് നടക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥനെയാണ് മൂന്നാമത്തെ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

സംഭവത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.ക്യാംപസിലെ റാഗിങ് പരിശോധിക്കാന്‍ പ്രത്യേക സംഘമുണ്ടെന്നും സമാനമായ സംഭവത്തില്‍ നേരത്തെ നിരവധിപേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും വൈസ് ചാന്‍സലര്‍ ഡോ. രാജ്കുമാര്‍ പറയുന്നു. ഇപ്പോഴുണ്ടായ ഈ പ്രവര്‍ത്തിക്കെതിരെയും നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version