പേമാരിയില്‍ തകര്‍ന്ന് ഉത്തരേന്ത്യ; മരണസംഖ്യ 80 കഴിഞ്ഞു

ഡല്‍ഹിയില്‍ യമുനാ നദിയിലെ ജലനിരപ്പ് 204.70 മീറ്റര്‍ ആയി

ന്യൂഡല്‍ഹി: പ്രളയത്തില്‍ തകര്‍ന്ന് ഉത്തരേന്ത്യ. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം എണ്‍പത് കഴിഞ്ഞു. ഉത്തരാഖണ്ഡില്‍ 48 പേരും ഹിമാചല്‍ പ്രദേശില്‍ 28 പേരും പഞ്ചാബില്‍ നാലും മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. യമുനാ നദി കരകവിഞ്ഞത് കൊണ്ട് ഡല്‍ഹിയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി,നൈനിറ്റാള്‍, എന്നിവിടങ്ങളിലാണ് മഴയില്‍ കനത്ത നാശനഷ്ടം ഉണ്ടായിരിക്കുന്നത്. അതേസമയം പ്രളയത്തില്‍ 20 വീടുകള്‍ ഒലിച്ച് പോയതിനെ തുടര്‍ന്ന് ഉത്തരകാശി ജില്ലയില്‍ 18 പേരെ കാണാതായിട്ടുണ്ട്.

ഹിമാചല്‍പ്രദേശിലെ കുളുവില്‍ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയില്‍ മണാലി-കുളു ദേശീയപാത തകര്‍ന്നിരിക്കുകയാണ്. പശ്ചിമബംഗാള്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഡല്‍ഹിയില്‍ യമുനാ നദിയിലെ ജലനിരപ്പ് 204.70 മീറ്റര്‍ ആയി. 204.50 മീറ്റര്‍ ആണ് സുരക്ഷിതമായ ജലനിരപ്പ്. നദിക്ക് സമീപ പ്രദേശങ്ങളില്‍ ഉള്ളവരെ ഒഴിപ്പിച്ച് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

Exit mobile version