സ്വാതന്ത്ര ദിന പ്രസംഗം; മോഡിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

അണുകുടുംബം എന്നത് ദേശഭക്തിയുള്ള ചുമതലയാണ്, സമ്പത്തുണ്ടാക്കുന്നവരെ ബഹുമാനിക്കണം, പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗം വേണ്ടെന്ന് വയ്ക്കണം,

ന്യൂഡല്‍ഹി: ജനസംഖ്യാ വര്‍ദ്ധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവനയെ പുകഴ്ത്തി മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. മോഡി സ്വാതന്ത്ര ദിനത്തില്‍ പറഞ്ഞ പ്രസംഗത്തിലെ മൂന്ന് കാര്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് പി ചിദംബംരത്തിന്റെ പുകഴ്ത്തല്‍. ട്വിറ്ററിലൂടെയായിരുന്നു പ്രശംസ.

അണുകുടുംബം എന്നത് ദേശഭക്തിയുള്ള ചുമതലയാണ്, സമ്പത്തുണ്ടാക്കുന്നവരെ ബഹുമാനിക്കണം, പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗം വേണ്ടെന്ന് വയ്ക്കണം,’- പ്രധാനമന്ത്രിയുടെ ഈ മൂന്ന് പ്രഖ്യാപനങ്ങളെ നമ്മളെല്ലാവരും സ്വാഗതം ചെയ്യണം- പി ചിദംബരം പറഞ്ഞു.

‘ഈ മൂന്ന് പ്രഖ്യാപനങ്ങളില്‍ രണ്ടാമത്തേത് ഉച്ചത്തിലും വ്യക്തതയോടെയും കേന്ദ്ര ധനകാര്യ മന്ത്രിയും അവരുടെ കീഴിലുള്ള നികുതി വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷകരും കേട്ടിരിക്കും എന്ന് വിശ്വസിക്കുന്നു,’

‘ഒന്നാമത്തെയും മൂന്നാമത്തെയും പ്രഖ്യാപനങ്ങളുടെ കാര്യത്തില്‍ ജന മുന്നേറ്റം ആവശ്യമാണ്. താഴേത്തട്ടില്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് വേണ്ടി ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്ന നിരവധി സംഘടനകളുണ്ട്,’ പി ചിദംബരം പറഞ്ഞു.

സ്വാതന്ത്ര ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് മോഡി ഈ കാര്യങ്ങള്‍ പറഞ്ഞത്.
അനിയന്ത്രിതമായ ജനസംഖ്യാ വര്‍ദ്ധനവില്‍ ആശങ്ക പ്രകടിപ്പിച്ച മോഡി, സമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്നത് മഹത്തായ രാഷ്ട്രസേവനമാണെന്നും പറഞ്ഞു. പ്ലാസ്റ്റികിന്റെ ഒറ്റത്തവണ ഉപയോഗം പരിസ്ഥിതിക്ക് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

Exit mobile version