വര്‍ഗീയതയില്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടിയാണിത്, ഇനിയും ഇവരെ അധികാരത്തില്‍ എത്തിക്കണോ എന്ന് ജനങ്ങള്‍ ചിന്തിക്കട്ടേ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി

അധികാരം പിടിക്കാന്‍ ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരാണ് ബിജെപി

റായ്പുര്‍: ബിജെപിയെ ഇനിയും അധികാരത്തില്‍ എത്തിക്കണോ എന്ന് ജനങ്ങള്‍ ചിന്തിക്കട്ടേയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ചത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണാര്‍ത്ഥം സംസാരിക്കുകയായിരുന്നു മമത. വര്‍ഗീയതയെ കൂട്ടുപിടിച്ച് അധികാരം നിലനിര്‍ത്തുന്നവരാണ് ഇവര്‍. കേന്ദ്രസര്‍ക്കാര്‍ കൈവെച്ച എല്ലാ മേഖലയും അവസാനം തകര്‍ന്നിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ചത്തീസ്ഗഡ് പതിനഞ്ച് വര്‍ഷം ഭരിച്ചവരാണ് ബിജെപി. ഇക്കാലം കൊണ്ട് മാവോയിസ്റ്റ് ഭീഷണിയെ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടു. 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ഭരണം ഏറ്റെടുത്തത് മുതല്‍ ഇത്തരം ഗ്രൂപ്പുകളെ വേണ്ട വിധം കൈകാര്യം ചെയ്തിട്ടുണ്ടെന്നും മമത പറഞ്ഞു.

അധികാരം പിടിക്കാന്‍ ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരാണ് ബിജെപി. അതിനായി ജനങ്ങളെ വിഘടിപ്പിക്കാന്‍ കേമന്‍മാരാണ് അവര്‍. ഗുജറാത്തില്‍ അവര്‍ ബീഹാരികള്‍ക്കെതിരെ തിരിയും, ആസാമില്‍ അവര്‍ ബംഗാളികളെ കടന്നാക്രമിക്കും. അവര്‍ രാമക്ഷേത്രത്തെ ഇതിനായി ഉപയോഗിക്കും. വിദ്വേഷമാണ് ബി.ജെപിയുടെ അടിത്തറയെന്നും മമത ബാനര്‍ജി ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ വലിയ അവകാശവാദങ്ങളുമായി നടപ്പിലാക്കിയ ജിഎസ്ടിയും, നോട്ട്‌നിരോധനവും എന്തായി തീര്‍ന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. രാജ്യത്തെ കര്‍ഷകരെയും, വ്യാപാരികളെയും, സാധാരണക്കാരെയും ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുന്ന ഒരു കാലമാണ് ഇതെന്നും മമത ബാനര്‍ജി പറഞ്ഞു.

Exit mobile version