മോഡിയും അമിത് ഷായും കൃഷ്ണനും അര്‍ജുനനുമെന്ന് രജനീകാന്ത്; മഹാഭാരതം ഒന്നുകൂടി ശ്രദ്ധിച്ച് വായിക്കാന്‍ തമിഴ്‌നാട് കോണ്‍ഗ്രസ്

തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അളഗിരിയാണ് രജനികാന്തിനോട് മഹാഭാരതം വായിക്കുവാന്‍ ആവശ്യപ്പെട്ടത്.

ചെന്നൈ: നടന്‍ രജനീകാന്തിനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അമിത് ഷായെയും കൃഷ്ണനോടും അര്‍ജുനനോടും താരതമ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി തമിഴ്‌നാട് കോണ്‍ഗ്രസ് രംഗത്തെത്തിയത്. മഹാഭാരതം ഒന്നുകൂടി ശ്രദ്ധിച്ച് വായിക്കുവാനാണ് ഇവര്‍ നല്‍കിയ ഉപദേശം.

തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അളഗിരിയാണ് രജനികാന്തിനോട് മഹാഭാരതം വായിക്കുവാന്‍ ആവശ്യപ്പെട്ടത്. എങ്ങനെയാണ് കോടിക്കണക്കിന് ആളുകളുടെ അവകാശങ്ങള്‍ തട്ടിപ്പറിച്ചവര്‍ക്ക് കൃഷ്ണനും അര്‍ജുനനും ആകാന്‍ സാധിക്കുക? പ്രിയപ്പെട്ട രജനീകാന്ത്, ദയവായി മഹാഭാരതം ഒന്നുകൂടി വായിക്കൂ. ദയവായി വീണ്ടും ശ്രദ്ധിച്ചു വായിക്കൂ-അളഗിരി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രസംഗത്തിനിടെ രജനികാന്ത് മോഡിയെയും ഷായെയും കൃഷ്ണനോടും അര്‍ജുനനോടും താരതമ്യപ്പെടുത്തിയത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരുവരെയും അഭിനന്ദിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു പ്രതികരണം രജനികാന്ത് പോലെ ഒരു ആളില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും കെഎസ് അളഗിരി കൂട്ടിച്ചേര്‍ത്തു. പ്രതികരണം തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറയുന്നു. ജമ്മു കാശ്മീരിനുണ്ടായിരുന്നതിനു സമാനമായ പ്രത്യേക അവകാശങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമുണ്ട്. എന്നാല്‍ ഇവയെന്തു കൊണ്ടാണ് റദ്ദാക്കാത്തതെന്നും അദ്ദേഹം തുറന്നടിച്ച് ചോദിക്കുന്നുണ്ട്. കാശ്മീര്‍ മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലമായതാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കാരണമെന്നും അളഗിരി ആരോപിച്ചു.

Exit mobile version