‘ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ അധ്യായത്തിന് അന്ത്യം’ സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

കഴിഞ്ഞ കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു.

ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായെന്നാണ് മോഡി പറഞ്ഞത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

ജനനന്മയ്ക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവിന്റെ മരണത്തില്‍ രാജ്യം കേഴുന്നുവെന്നും മോഡി ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായിരുന്നു സുഷമ സ്വരാജെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വെച്ചാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016ല്‍ സുഷമ വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പില്‍ നിന്ന് സുഷമാ സ്വരാജ് വിട്ടു മാറി നിന്നിരുന്നു. അനാരോഗ്യം കാരണമായിരുന്നു വിട്ടു നിന്നത്.

Exit mobile version