ലോക്‌സഭ തെരഞ്ഞെടുപ്പ്; നാലാംഘട്ടത്തില്‍ ജനവിധി തേടി 72 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്

ബേഗുസരായിയില്‍ സിപിഐ യുവനേതാവ് കനയ്യ കുമാര്‍, കനൌജില്‍ എസ്പി നേതാവ് ഡിംപിള്‍ യാദവ്, ഫറൂഖാബാദില്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍

ന്യൂഡല്‍ഹി: പതിനെഴാം ലോക്‌സഭയിലേക്കുള്ള നാലാംഘട്ട പോളിങ് നാളെ. ഒമ്പത് സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിലെത്തുന്നത്. നാലാം ഘട്ടത്തില്‍ 12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. നാലാംഘട്ടം ബിജെപിക്ക് നിര്‍ണ്ണായകമാണ്. അടുത്തിടെ സംസ്ഥാന ഭരണം നഷ്ടപ്പെട്ട രാജസ്ഥാനും മധ്യപ്രദേശും പോളിങ്ങ് ബൂത്തിലെത്തുന്നു എന്നതാണ് ഇതില്‍ ഏറേ ശ്രദ്ധേയം.

ബിഹാറില്‍ (5) ജമ്മുകാശ്മീര്‍(1)ജാര്‍ഖണ്ഡ്(3) മധ്യപ്രദേശ്(6)മഹാരാഷ്ട്ര(17)ഒഡീഷ(6) രാജസ്ഥാന്‍(13) ഉത്തര്‍പ്രദേശ്(13) ബംഗാള്‍(8) മണ്ഡലങ്ങളാണ് നാളെ ജനവിധി തേടുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നാലാം ഘട്ടത്തോടെ വോട്ടെടുപ്പിന് തുടക്കമാകും. അതെസമയം നാലാം ഘട്ടത്തോടെ മഹാരാഷ്ട്ര, ഒഡിഷ എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും.

ബേഗുസരായിയില്‍ സിപിഐ യുവനേതാവ് കനയ്യ കുമാര്‍, കനൌജില്‍ എസ്പി നേതാവ് ഡിംപിള്‍ യാദവ്, ഫറൂഖാബാദില്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, കാണ്‍പൂരില്‍ കോണ്‍ഗ്രസ് നേതാവ് ശ്രീ പ്രകാശ് ജയ്സ്വാള്‍, ചിന്ദ്വാഡയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മകന്‍ നകുല്‍ നാഥ്, ഉന്നാവയില്‍ ബിജെപി നേതാവ് സാക്ഷി മഹാരാജ്, തുടങ്ങിയവരാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.

അതെസമയം എസ്പി ബിഎസ്പി സഖ്യത്തിന്റെ യാദവ് ദളിത് മുസ്ലീം വോട്ടു ഏകീകരണ നീക്കം യുപിയില്‍ ബിജെപിക്ക് വെല്ലുവിളിയാകുന്ന സാഹചര്യത്തില്‍ 2014ലേതു പോലെ വീണ്ടും ഒബിസി കാര്‍ഡ് കളത്തിലിറക്കിയിരിക്കുകയാണ് മോഡി. തന്റെ ജാതിയെക്കുറിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ ഇപ്പോള്‍ ചര്‍ച്ച നടത്തുന്നതെന്നും താന്‍ ഏറ്റവും പിന്നാക്ക ജാതിയില്‍പ്പെട്ടയാളാന്നും മോഡി പറഞ്ഞു.

ഉന്നത ജാതിക്കാരനായ മോഡി രാഷ്ട്രീയ നേട്ടത്തിനായി ഒബിസിയായെന്ന് മായാവതി തിരിച്ചടിച്ചു. മോഡിയുടെ ജാതി ഏതെന്ന് അറിയില്ലെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ് പ്രധാന പ്രചാരണ വിഷയമാക്കിയത്.

പതിനെഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത് ഏഴ് ഘട്ടമായിട്ടാണ്. ഏപ്രില്‍ 11 ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് മെയ് 19 നാണ്.

Exit mobile version