‘പിഎം നരേന്ദ്ര മോഡി’ റിലീസ് തീയ്യതി മാറ്റി

ഈ മാസം 5 ന് റിലീസ് ചെയ്യാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കി ബി ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന പിഎം നരേന്ദ്ര മോഡി എന്ന ചിത്രം ഈ മാസം 12 ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നത് ഏപ്രില്‍ 11നാണ്. തൊട്ടടുത്ത ദിവസമാണ് ചിത്രം തീയ്യേറ്ററുകളിലെത്തുക.

ഈ മാസം 5 ന് റിലീസ് ചെയ്യാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഈ ചിത്രം റിലീസ് ചെയ്യുന്നതിനെ എതിര്‍ത്തു കൊണ്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ചിത്രം ജനങ്ങളെ സ്വാധിനിക്കാന്‍ സാധ്യതയുണ്ടെന്നും റിലീസ് തീയ്യതി മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് പൊതു താല്‍പര്യ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു.

എന്നാല്‍ സിനിമ റിലീസ് ചെയ്യുന്നതിന് തടസമില്ലെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഒരു ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ സിനിമയുടെ റിലീസ് മാറ്റിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളിയിരുന്നു.

Exit mobile version