തച്ചങ്കരി പടി ഇറങ്ങി, കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തകര്‍ന്നുതരിപ്പണമായി

തിരുവനന്തപുരം: ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയനും ഡ്രൈവേഴ്‌സ് യൂണിയനും സമിതിയില്‍ നിന്ന് പിന്‍മാറി. ഇതോടെ കെഎസ്ആര്‍ടിസിയിലെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പൊളിഞ്ഞു. കെഎസ്ആര്‍ടിസി എംഡി ആയിരുന്ന ടോമിന്‍ തച്ചങ്കരിയുടെ കാലഘട്ടത്തിലാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നിലവില്‍ വന്നത്. തച്ചങ്കരിക്കെതിരായ സമരത്തില്‍ സിഐടിയു ആഭിമുഖ്യമുള്ള കെഎസ്ആര്‍ടിഇഎയും ഐഎന്‍ടിയുസി ആഭിമുഖ്യമുള്ള ടിഡിഎഫും ഒരുമിച്ച് നിന്നു. എന്നാല്‍ ഇരു കൂട്ടര്‍ക്കും പൊതു ശത്രുവായിരുന്ന തച്ചങ്കരി സ്ഥാനം ഒഴിഞ്ഞതോടെ യൂണിയനുകള്‍ക്കിടിയിലെ ഐക്യവും പൊളിഞ്ഞു.

എട്ട് മണിക്കൂര്‍ ഡ്യൂട്ടിയെന്ന തൊഴിലാളികളുടെ അവകാശം ഇടതു യൂണിയന്റെ പിന്തുണയില്‍ അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള സംഘടന സംയുക്ത സമിതി വിട്ടത്.

സംയുക്ത സമര സമിതിയില്‍ ഇനി സിഐടിയുവിന് പുറമേ എഐടിയുസി നേതൃത്വത്തിലുള്ള കെഎസ്ആര്‍ടിസി എംപ്‌ളോയീസ് യൂണിയന്‍ മാത്രമാണുള്ളത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ടിഡിഎഫ് സംയുക്ത സമിതിയില്‍ നിന്ന് പിന്‍മാറിയതെന്നാണ് ഇവരുടെ ആക്ഷേപം. പന്ത്രണ്ട് മണിക്കൂര്‍ ഡ്യൂട്ടി പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണെന്ന് എംഡി വ്യക്തമാക്കിയിട്ടുണ്ടെന്നും ഭരണാനുകൂല സംഘടനകള്‍ പറയുന്നു.

Exit mobile version