പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിസി ഡോ. പിസി ശശീന്ദ്രന്‍ രാജിവച്ചു

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിസി ഡോ. പിസി ശശീന്ദ്രന്‍ രാജിവച്ചു. ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ ദുരൂഹ മരണത്തെ തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് മുന്‍ വിസിയായിരുന്ന ഡോ. എംആര്‍ ശശീന്ദ്രനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യൂനിവേഴ്‌സിറ്റിയിലെ മുന്‍ അധ്യാപകനായ ഡോ. പി.സി. ശശീന്ദ്രന് വിസിയുടെ ചുമതല നല്‍കി ഗവര്‍ണര്‍ ഉത്തരവിട്ടത്.

അതേസമയം, വിദ്യാര്‍ഥി സിദ്ധാര്‍ഥനെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്ന് ശശീന്ദ്രന്‍ അറിയിച്ചു. കുറ്റക്കാരല്ലെന്ന് കാണിച്ച് അപ്പീല്‍ നല്‍കിയ 33 വിദ്യാര്‍ഥികളുടെ ശിക്ഷ മാത്രമാണ് റദ്ദാക്കിയതെന്ന് വിസി അറിയിച്ചു. ഏഴ് ദിവസത്തെ സസ്‌പെന്‍ഷന്‍ കിട്ടിയ വിദ്യാര്‍ഥികളാണ് ശിക്ഷ റദ്ദാക്കണമെന്ന് കാട്ടി സര്‍വകലാശാലയ്ക്ക് അപ്പീല്‍ നല്‍കിയത്.

ഇതിനിടെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ റാഗിങ്ങിനെ തുടര്‍ന്നുള്ള നടപടിക്കെതിരെ രണ്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഒരു വര്‍ഷം മുന്‍പ് നടന്നെന്ന് പറയുന്ന സംഭവത്തിലടുത്ത നടപടി ചോദ്യം ചെയ്താണ് നാലാം വര്‍ഷ വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി നടപടി സ്റ്റേ ചെയ്തു. റാഗിങ് വിരുദ്ധ സമിതിയുടെ നടപടി രേഖകള്‍ ഹാജരാക്കാന്‍ കോടതി സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി.

Exit mobile version