സിദ്ധാര്‍ത്ഥന്റെ മരണം: വെറ്ററിനറി സര്‍വ്വകലാശാല വിസിയെ സസ്‌പെന്‍സ് ചെയ്ത് ഗവര്‍ണര്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വെറ്ററിനറി സര്‍വ്വകലാശാല വിസി ഡോ. എംആര്‍ ശശീന്ദ്രനാഥിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വിസിയെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്നാണ് നടപടി. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണത്തിനും ഗവര്‍ണര്‍ ഉത്തരവിട്ടു.

സംഭവം എങ്ങനെ വെറ്റിനറി സര്‍വകലശാല അധികൃതര്‍ അറിഞ്ഞില്ലെന്ന് ഗവര്‍ണര്‍ ചോദിച്ചു. വലിയ വീഴ്ചയാണ് ഉണ്ടായതെന്നും ക്രിമിനല്‍ ആക്രമണം ആണുണ്ടായതെന്നും പോലീസിനെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന് പിന്നില്‍ എസ്എഫ്‌ഐ-പിഎഫ്‌ഐ ബന്ധമുണ്ട്. ജൂഡിഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടു കത്തയച്ചിട്ടുണ്ട്. ഹൈക്കോടതി മറുപടിയുടെ അടിസ്ഥാനത്തില്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version