ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു: ഉടമയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഹൈദരാബാദ്: തെലങ്കാനയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ഉപഭോക്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ബെന്‍ലിംഗാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്.

പൊട്ടിത്തെറിയുടെ കാരണങ്ങള്‍ മനസിലാക്കിയാല്‍ മാത്രം പോര, പരാതിക്കാര്‍ക്ക് നേരിടേണ്ടി വന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കേണ്ടതും കടമയാണെന്നും എന്നാല്‍ ഇതിനായി നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കമ്മീഷന്‍ പ്രസിഡന്റ് ഗജ്ജല വെങ്കിടേശ്വരലുവും അംഗം മാക്കം വിജയ് കുമാറും ആണ് ഇത് സംബന്ധിച്ച ഹര്‍ജി പരിശോധിച്ചത്.

ബെന്‍ലിങ്ങില്‍ നിന്ന് 2021 ഏപ്രിലില്‍ വാങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറാണ് 2023 ഫെബ്രുവരിയില്‍ പൊട്ടിത്തെറിച്ചത്. ഇതിനെതിരായി 3.5 ലക്ഷം രൂപ നഷ്ടപരിഹാരവും 40,000 രൂപ വ്യവഹാരച്ചെലവും നല്‍കണമെന്നായിരുന്നു പരാതിക്കാര്‍ പരാതിയില്‍ ആവശ്യപ്പെട്ടത്.

പരാതികള്‍ നല്‍കിയിട്ടും വാഹന നിര്‍മ്മാതാക്കളോ വാഹന ഡീലറോ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് പരാതിക്കാര്‍ കമ്മീഷനെ അറിയിച്ചത്. നഷ്ടപ്പെട്ടതിന് പകരമായി ഒരു സ്‌കൂട്ടര്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തുല്യമായ വില നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉണ്ടായ ശനഷ്ടങ്ങള്‍ക്ക് 10 ലക്ഷം രൂപയും വ്യവഹാര ചെലവുകള്‍ക്കായി 10,000 രൂപയും നല്‍കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്.

Exit mobile version