നടക്കുമ്പോൾ തട്ടി വീഴുന്നു, ശബ്ദം കൊണ്ട് വസ്തുക്കൾ തിരിച്ചറിയുന്നു; ആശുപത്രിയിലെത്തിച്ചപ്പോൾ അറിഞ്ഞു കുഞ്ഞിന് ജന്മനാ കാഴ്ചശക്തിയില്ലെന്ന്! കണ്ണീരോടെ ഒരമ്മ, വേണം സുമനസ്സുകളുടെ സഹായം

Eye sight | Bignewslive

നെടുങ്കണ്ടം: നടക്കുമ്പോൾ ഇടയ്ക്ക് തട്ടി വീഴുന്നു, വസ്തുക്കളെല്ലാം തിരിച്ചറിയന്നത് ശബ്ദത്തിന്റെ സഹായത്തോടെയും. സംശയം തോന്നി കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആ അമ്മ അറിഞ്ഞത്, തന്റെ പൊന്നുമോൾക്ക് ജന്മനാ കാഴ്ച ശക്തിയില്ലെന്ന്. മൂന്നു വയസ്സുകാരിയായ മകൾ അജീഷയുടെ കാഴ്ച തിരികെ കിട്ടാൻ ഇപ്പോൾ സുമനസ്സുകളുടെ സഹായം തേടി രംഗത്ത് വന്നിരിക്കുകയാണ് ഇടുക്കി പാറത്തോട് പ്ലാത്തറയ്ക്കൽ അനു.

വായില്‍ ടിന്‍ കുടുങ്ങി, സഹായത്തിനായി പ്രദേശവാസികളെ സമീപിച്ച് ധ്രുവക്കരടി : ഒടുവില്‍ രക്ഷ

ജന്മനായുള്ള തിമിരം ശസ്ത്രക്രിയയിലൂടെ മാറ്റാമെന്നാണ് കൊച്ചി ഗിരിധർ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചതിനു പിന്നാലെയാണ് തന്റെ മകൾക്കായി ഈ അമ്മ അപേക്ഷയുമായി രംഗത്ത് വന്നത്. കുട്ടിക്ക് രണ്ടു ശസ്ത്രക്രിയകൾ നടത്തേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. എന്നാൽ, അതിദയനീയമാണ് ഈ കുടുംബത്തിന്റെ അവസ്ഥ. പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു അനുവും അജേഷും തമ്മിലുള്ള വിവാഹം നടത്തിയത്. വീട്ടിൽനിന്ന് 3 കിലോമീറ്റർ നടന്നും പിന്നെ ബസിലുമായാണ് അനു സ്‌കൂളിൽ പോയിരുന്നത്.

കഷ്ടപ്പെട്ടു പഠിക്കുന്ന പെൺകുട്ടിയെ രക്ഷിക്കാനെന്ന മട്ടിലാണ് തൊഴിൽരഹിതനായ അജേഷിന്റെ വിവാഹാലോചന എത്തിയത്. വിവാഹ ശേഷം പഠിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിൽ പ്രകാരം വിവാഹം നടത്തി. റോഡരികിലാണ് വീട് എന്നത് മാത്രമായിരുന്നു വിവാഹത്തിനായുള്ള ഏക യോഗ്യത. എന്നാൽ വിവാഹത്തോടെ അനുവിന്റെ പഠനം സ്വപ്‌നം മാത്രമായി. 21 വയസ്സിനിടെ 2 കുട്ടികളുടെ അമ്മയായി. ഇതിനിടയിൽ ഭർത്താവിൽ നിന്ന് കൊടിയ പീഡനവും. വീട്ടിലെ അവസ്ഥയോർത്ത് എല്ലാം സഹിച്ചും ക്ഷമിച്ചും അനു നിന്നു.

പക്ഷേ, പിന്നീട് അയാൾ ഇവരെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം ജീവിതം തുടങ്ങി. ഇതോടെ അനുവും മക്കളും സ്വന്തം വീട്ടിലേയ്ക്ക് തന്നെ മടങ്ങി. കൂലിപ്പണിക്കാരാണ് അനുവിന്റെ മാതാപിതാക്കൾ. ഇളയ 2 സഹോദരങ്ങൾ ആകട്ടെ, മാനസിക വെല്ലുവിളി നേരിടുന്നവരും. ഒരു അനുജത്തിയുമുണ്ട്. ഈ പ്രാരാബ്ദങ്ങൾക്കിടയിലേയ്ക്കാണ് അനു തന്റെ മക്കളെയും കൂട്ടി എത്തിയത്.

സംഭവത്തിൽ, പോലീസിലും വനിതാ കമ്മിഷനിലുമെല്ലാം പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ല. അതിനിടെയാണ് മകൾക്കു കാഴ്ചശക്തിയില്ലെന്ന വിവരം അനു അറിയുന്നത്. ഓപ്പറേഷനായി 26ന് കൊച്ചി ഗിരിധർ ആശുപത്രിയിൽ അഡ്മിറ്റാകണം. ഇതിനുള്ള പണം സ്വരൂപിക്കാൻ വഴിയില്ലാതെ നട്ടംതിരിയുകയാണു കുടുംബം. ഈ സാഹചര്യത്തിലാണ് സുമനസുകളുടെ സഹായം ഈ അമ്മ തേടുന്നത്. ഫെഡറൽ ബാങ്ക് നെടുങ്കണ്ടം ശാഖയിൽ റീന അനീഷ് എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10180100205184, IFSC- FDRL0001018.

Exit mobile version