‘പഞ്ചാബ് ഞങ്ങളിലേയ്ക്ക് വരുന്നതിന്റെ വഴിയൊരുക്കലാണ്’; ആം ആദ്മിയുടെ വിജയത്തെ വിശദീകരിച്ച് സുരേഷ് ഗോപി

സുൽത്താൻ ബത്തേരി: പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ വലിയ വിജയത്തെ ബിജെപിയുടെ വഴിയൊരുക്കലായാണ് കാണുന്നതെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. കർഷകരെ തെറ്റിദ്ധരിപ്പിച്ച് സമരമുഖത്തിറക്കിയവർക്കേറ്റ അടിയാണ് ഉത്തർപ്രദേശിലെ ബിജെപിയുടെ വിജയമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ച ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിനെത്തിയതായിരുന്നു എംപി.

also read- പാർലമെന്റിൽ മദ്യപിച്ചെത്തിയ എംപി, ശേഷം പൊതുവേദിയിൽ മദ്യവർജ്ജനം, പഞ്ചാബിലെ പ്രശസ്ത കൊമേഡിയനിൽ നിന്ന് മുഖ്യമന്ത്രി കസേരയിലേക്ക്, ഇതാണ് ജുഗ്നു എന്ന ഭഗവന്ത് മൻ

‘ആം ആദ്മി പാർട്ടിയിലേയ്ക്ക് പഞ്ചാബ് വന്നെങ്കിൽ പഞ്ചാബ് ഞങ്ങളിലേയ്ക്ക് വരുന്നതിന്റെ വഴിയൊരുക്കലാണ്. ഞങ്ങൾ അങ്ങോട്ട് വഴിയൊരുക്കണ്ടതില്ല എന്ന് തെളിയിച്ചിരിക്കുന്നു. അത് സംഭവിക്കും’- സുരേഷ് ഗോപി പ്രതികരിച്ചു.

‘കേന്ദ്രഭരണത്തിന്റെ കൊടുക്കലുകളുടേയും ജനങ്ങളുടെ ലഭ്യതകളുടേയും വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ വന്നിട്ടുള്ള, എൻഡിഎ നയിക്കുന്ന ഭരണത്തിനുള്ള ഒരു തിലകച്ചാർത്താണ്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇലക്ഷനാണ് യുപി ഇലക്ഷൻ. യഥാർത്ഥ കർഷകൻ അവിടെ ഉണ്ടായിരുന്നു വോട്ട് ചെയ്യാൻ. അവന് അറിയാമായിരുന്നു ആർക്ക് വോട്ട് ചെയ്യണമെന്ന്. കർഷക നിയമങ്ങൾ പിൻവലിച്ചതിൽ അതീവ അസംതൃപ്തിയാണ് തനിയ്ക്കുള്ളതെന്ന് ഞാൻ ഇപ്പോഴും പറയുന്നു. ഈ നിയമങ്ങളെല്ലാം യഥാർഥ കർഷകന്റെ ചോരയ്ക്ക് വിലയും മൂല്യവും കൽപ്പിക്കുന്നതായിരുന്നു. അത് ആ കർഷകർ മനസ്സിലാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിജയം,’-സുരേഷ് ഗോപി പറഞ്ഞു.

ALSO READ- പുതുജീവൻ പകരുമെന്ന് പറഞ്ഞവർ ഉള്ള ജീവൻ ഊതിക്കെടുത്തി; രാഹുൽ പരാജയത്തിൽ നിന്ന് ഒന്നും പഠിക്കില്ല; പരിഹസിച്ച് സ്മൃതി ഇറാനി

ആകെയുള്ള 117 സീറ്റുള്ള പഞ്ചാബിൽ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി 92 മണ്ഡലങ്ങളിലാണ് വിജയം നേടിയിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ ഭഗവന്ത് മൻ തന്നെ മുഖ്യമന്ത്രിയാവുമെന്നാണ് സൂചന. നിലവിലെ ഭരണ കക്ഷിയായ കോൺഗ്രസിന് 18 സീറ്റുകൾ മാത്രമാണ് നേടാനായത്.

Exit mobile version