മുന്നറിയിപ്പ് അവഗണിച്ച് പുഴയില്‍ മുങ്ങിയ പാലത്തിലൂടെ ബൈക്കോടിച്ചു: ഒഴുക്കില്‍പ്പെട്ട് നേരെ പുഴയിലേക്ക്; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: അപകട മുന്നറിയിപ്പ് മറികടന്ന് പുഴയില്‍ മുങ്ങിയ പാലത്തിലൂടെ ബൈക്കോടിച്ച് യുവാവ് ഒഴുക്കില്‍ പെട്ട് പുഴയില്‍ വീണു. ചിറ്റൂര്‍ പുഴയിലെ ആലാംകടവ് പാലത്തിലാണ് അപകടമുണ്ടായത്. ഏറെ സാഹസികമായാണ് ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.

മൂലത്തറ റെഗുലേറ്റര്‍ തുറന്നതോടെയാണ് ആലാംകടവ് പാലം മുങ്ങിയത്. പാലത്തിലൂടെ ഗതാഗതം നിരോധിച്ചത് അവഗണിച്ചായിരുന്നു യുവാവിന്റെ യാത്ര. പാലം മുറിച്ചുകടക്കുന്നത് അപകടമാണെന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

‘പറഞ്ഞില്ലേ, പോവരുത് പെടുമെന്ന് പറഞ്ഞില്ലേ’ എന്ന് നാട്ടുകാര്‍ രോഷത്തോടെ വിളിച്ചുപറയുന്നത് വീഡിയോയിലുണ്ട്. മറ്റൊരു ഭാഗത്തുകൂടി പുഴയിലിറങ്ങിയാണ് നാട്ടുകാര്‍ ബൈക്ക് യാത്രക്കാരനെ രക്ഷിച്ചത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version