12 വയസ്സിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് ഇസ്രയേല്‍

Covid19 | Bignewslive

ഇസ്രയേല്‍ : പന്ത്രണ്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനൊരുങ്ങി ഇസ്രയേല്‍. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരുടെ ഗ്രീന്‍പാസ് റദ്ദാക്കുമെന്നും ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചു.

ഒരു മാസത്തിനിടെ ഇത് നാലാമത്തെ തവണയാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാവുന്നവരുടെ പ്രായപരിധിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. ഓഗസ്റ്റ് മാസം ആദ്യം 60 വയസ്സ് പൂര്‍ത്തിയായവര്‍ കോവിഡ് വാക്‌സീന്റെ മൂന്നാമത്തെ ഡോസ് സ്വീകരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പിന്നീട് 30 വയസ്സിന് മുകളിലുള്ളവരെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തി.

ബൂസ്റ്റര്‍ ഡോസ് യജ്ഞം വിജയമാണെന്നും രാജ്യത്ത് രണ്ട് മില്യണ്‍ ആളുകള്‍ ഇതിനോടകം വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്റ്റലി ബെന്നറ്റ് പറഞ്ഞു. മറ്റൊരു രാജ്യത്തിനും കൈവരിക്കാനാകാത്ത നേട്ടമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫൈസര്‍ വാക്‌സീന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് അഞ്ച് മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞിട്ടും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവരുടെ ഗ്രീന്‍ പാസ് റദ്ദാക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ ഒരാഴ്ചത്തെ ക്വാറന്റീനിലും ഇളവ് ലഭിക്കും. ഇതിന് പകരം 24 മണിക്കൂര്‍ ക്വാറന്റീനോ കോവിഡ് പരിശോധനയോ മതിയാകും.സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ആറ് മാസം കൂടുമ്പോള്‍ വാക്‌സിന്‍ എടുക്കാത്തവരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും കൃത്യസമയത്ത് ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരെ വാക്‌സീന്‍ എടുക്കാത്തവരായി കാണുന്നതാണ് സര്‍ക്കാരിന്റെ നയമെന്നുമാണ് വിമര്‍ശനം. നിരവധി രാജ്യങ്ങള്‍ വാക്‌സീന്‍ ക്ഷാമം അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം നിലനില്‍ക്കേയാണ് ഇസ്രയേലിന്റെ തീരുമാനം.

Exit mobile version