‘ജാമ്യം കിട്ടിയാൽ കിരൺ ജോലിയിൽ പ്രവേശിക്കാൻ സാധ്യത’;90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്

ശാസ്തമംഗലം:വിസ്മയയുടെ ദുരൂഹമരണത്തിൽ ഭർത്താവ് കിരൺ കുമാറിനെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്. കിരണിന് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണ് പൊലീസ് നീക്കം.

കിരൺ കുമാർ റിമാൻഡിൽ കഴിയുമ്പോൾ തന്നെ വിചാരണ നടപടികൾ പൂർത്തിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കിരണിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പരമാവധി തെളിവുകൾ കിരണിനെതിരെ ശേഖരിച്ച് കുറ്റപത്രം സമർപ്പിക്കും. പിന്നീട് കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറക്ക് കുടുംബാംഗങ്ങളെക്കൂടി പ്രതിചേർത്ത് അനുബന്ധ കുറ്റപത്രം സമർപ്പിക്കും.

കീഴടങ്ങുന്നതിന് മുമ്പ് തന്നെ കിരണിന് നിയമസഹായം ലഭിച്ചിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. സാങ്കേതികമായി പരിജ്ഞാനമുള്ള കിരൺ വിസ്മയയുടെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ പൂർണ്ണമായും മായ്ച്ച് കളഞ്ഞെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സന്ദേശങ്ങൾ വീണ്ടെടുക്കാൻ സൈബർ വിദഗ്ധരുടെ സഹായം തേടിക്കൊണ്ടിരിക്കുകയാണ് പൊലീസ്.

ജാമ്യം ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സസ്പെൻഷൻ അവസാനിച്ച് കിരൺ ജോലിയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു. അതുകൊണ്ടാണ് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനുള്ള പൊലീസിന്റെ നീക്കം.

ജൂൺ 21നാണ് വിസ്മയയെ കിരണിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നൂറ് പവൻ സ്വർണ്ണവും ഒരു ഏക്കർ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയിരുന്നത്.എന്നാൽ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ കിരൺ ക്രൂരമായി പീഡിപ്പിച്ചിരുന്നവെന്ന് വിസ്മയയുടെ പിതാവ് പറഞ്ഞിരുന്നു.

Exit mobile version