കൊവിഡ് പ്രോട്ടോക്കോളില്‍ കേരളം മാറ്റം വരുത്തിയിട്ടില്ല; ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തില്‍ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളില്‍ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയണം എന്ന വാര്‍ത്ത ചില മാധ്യമങ്ങളില്‍ പുതിയ തീരുമാനം എന്ന രീതിയില്‍ വ്യാഴാഴ്ച വന്നതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ്.

നേരത്തേയുള്ള ഉത്തരവ് പ്രകാരം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന, ഏഴു ദിവസത്തിനകം കേരളത്തില്‍ നിന്ന് മടങ്ങി പോകുന്നവര്‍, ക്വാറന്റീനില്‍ കഴിയേണ്ടതില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ ഏഴു ദിവസത്തില്‍ കൂടുതല്‍ ഇവിടെ കഴിയുന്നുണ്ടെങ്കില്‍ ആദ്യത്തെ ഏഴു ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്. എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം.

അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ഉറപ്പാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പോലീസ് പരിശോധന വ്യാപകമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കാനും തീരുമാനിച്ചു.

Exit mobile version