സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമെന്ന് യോഗി ആദിത്യനാഥ്; ആക്രമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരുടെ പോലും നാശം ഉറപ്പാക്കുമെന്നും വാക്ക്

ലഖ്നൗ: സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹാഥ്റസ് പീഡനത്തില്‍ സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിടുന്നതിനിടെയാണ് യോഗി ആദിത്യനാഥിന്റെ കുറിപ്പ്.

സംസ്ഥാനത്ത് സ്ത്രീകളെ ആക്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരുടെ പോലും നാശം ഉറപ്പായിരിക്കുമെന്നും ആദിത്യനാഥ് വ്യക്തമാക്കി. ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതും എന്നെന്നും എല്ലാവരും ഓര്‍ത്തിരിക്കുന്ന തരത്തിലുമുള്ള ശിക്ഷയാകും അവരെ കാത്തിരിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സംരക്ഷണവും ശാക്തീകരണവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇത് ഞങ്ങളുടെ പ്രതിജ്ഞയും വാഗ്ദാനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 14ന് ഹാഥ്റസില്‍ ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ മറ്റൊരു 11 കാരിയായ പെണ്‍കുട്ടിയും പീഡനത്തിനിരയായിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാരിന് വിവിധ കോണുകളില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടി വന്നിരുന്നു.

Exit mobile version